കഞ്ചാവ് കടത്ത് : തടവുപുള്ളിക്ക് എട്ടു വർഷം കഠിന തടവും 80,000 രൂപ പിഴയും

Saturday 26 April 2025 12:59 AM IST
ബാബു സെബാസ്റ്റ്യൻ

മഞ്ചേരി: മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുപുള്ളിക്ക് മറ്റൊരു കഞ്ചാവ് കേസിൽ മഞ്ചേരി എൻ.ഡി.പി.എസ് കോടതി എട്ട് വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് കുന്നക്കാട് പാമ്പനാൽ വീട്ടിൽ ബാബു സെബാസ്റ്റ്യനെ(54) ആണ് ജഡ്ജ് എം.പി.ജയരാജ് ശിക്ഷിച്ചത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 2019 ജൂൺ 10ന് മുട്ടിപ്പാലം അയനിക്കുണ്ട് ബസ് സ്റ്റോപ്പിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. ഇയാളിൽ നിന്നും 18.530 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ എൻ.ബി.ഷൈജു അന്വേഷണം നടത്തിയ കേസിൽ സി.ഐ സി.അലവിയാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്നു കേസിലാണ് ഇയാൾ ഇപ്പോൾ ജയിലിൽ കഴിയുന്നത്.