ട്രേഡിംഗ്  ആപ്പിന്റെ  മറവിൽ 3.25 കോടി തട്ടിയ കേസിൽ യുവാക്കൾ അറസ്റ്റിൽ

Saturday 26 April 2025 12:01 AM IST

മലപ്പുറം: പ്രമുഖ ട്രേഡിംഗ് ആപ്പിന്റെ വ്യാജപതിപ്പിലൂടെ പണം നിക്ഷേപിപ്പിച്ച് ലാഭവിഹിതം വെർച്വലായി കാണിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് മണ്ണിങ്ങച്ചാലി വീട്ടിൽ അൻവർ സാദത്തിന്റെ മകൻ എം.സി.അഫ്ലാഹ് ഷാദിൽ (25), അരീക്കോട് പൂളംകുണ്ടിൽ വീട്ടിൽ കമ്മുവിന്റെ മകൻ മുഹമ്മദ് ഷാഫി (34) എന്നിവരാണ് പിടിയിലായത്. പരാതിക്കാരനിൽ നിന്നും വ്യത്യസ്ഥ സമയങ്ങളിലായി ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതികൾ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ച് കൊടുക്കുകയും അതിന്റെ ലാഭവിഹിതം കാണിക്കുന്ന ഒരു ആപ്ലിക്കേഷൻ പരാതിക്കാരന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ചെയ്തു. ആപ്പിൽ വലിയ ലാഭവിഹിതം കാണിച്ചിരുന്നു. പിന്നീട് പണവും ലാഭവിഹിതവും തിരികെ ചോദിച്ചപ്പോൾ പ്രസ്തുത തുക പിൻവലിക്കാൻ കൂടുതൽ തുക നികുതി അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് പരാതിക്കാരൻ മലപ്പുറം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ പരാതിക്കാരൻ അയച്ചു നൽകിയ പണത്തിന്റെ ഒരു ഭാഗം മറ്റൊരു അക്കൗണ്ട് വഴി കൊണ്ടോട്ടിയിലെ ബാങ്കിൽ നിന്നും പിൻവലിച്ചതായി മനസ്സിലാക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി വി.ജയചന്ദ്രന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഐ.സി.ചിത്തരഞ്ജൻ, എസ്.ഐ ലത്തീഫ്, എസ്.ഐ നജ്മുദിൻ, എ.എസ്.ഐമാരായ റിയാസ് ബാബു അനീഷ് കുമാർ, സി.പി.ഒ റിജിൽ, റാഷിനുൽ ഹസ്സൻ, കൃഷ്‌ണേന്ദു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.