മോഡലുമായും റിയാലിറ്റി ഷോ താരവുമായും തസ്ളിമയ്ക്ക് പണമിടപാട്

Saturday 26 April 2025 12:07 AM IST

ആലപ്പുഴ: ടി.വി ചാനൽ റിയാലി​റ്റി ഷോ താരവുമായും മോഡലുമായും ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാനപ്രതി തസ്ളിമ സുൽത്താന് പണമിടപാട്. ഇതിന്റെ രേഖകൾ എക്സൈസിന് ലഭിച്ചു. തിങ്കളാഴ്ച സിനിമാതാരങ്ങളായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമൊപ്പം ഇവരെ ചോദ്യം ചെയ്യും. ഇതോടെ ഇടപാടുകൾ സംബന്ധിച്ച് വ്യക്തത വന്നേക്കും. ഇവരുമായി തസ്ലിമ ഫോണിലൂടെ പല തവണ സംസാരിച്ചിരുന്നതായും ചാറ്റ് ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു. തസ്ലിമയുടെ പെൺവാണിഭ ഇടപാടുകളെപ്പറ്റിയും സൂചനകളുണ്ട്. പാലക്കാട് സ്വദേശിയും കൊച്ചിയിൽ താമസക്കാരിയുമായ മോഡൽ മുഖേനേ പല പെൺകുട്ടികളെയും തസ്ലിമ പ്രമുഖർക്ക് എത്തിച്ചുകൊടുത്തതായാണ് വിവരം. തസ്ലിമയുടെ ഫോണിൽ പ്രൊഡ്യൂസർ എന്ന രീതിയിൽ പലരുടെയും പേരുകളുണ്ട്. സിനിമാമേഖലയിലെ മ​റ്റൊരാൾക്കും ഇവരുമായി അടുത്ത ബന്ധമുണ്ട്. ഇത് പെൺവാണിഭ ഇടപാടാണെന്ന് സംശയിക്കുന്നു.

അക്കൗണ്ടുകൾ പരിശോധിക്കും

തസ്ളിമയുടെ ഭർത്താവും കേസിലെ മൂന്നാംപ്രതിയുമായ സുൽത്താന് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുള്ളതായി കണ്ടെത്താനാകാത്തത് എക്സൈസിന് വെല്ലുവിളിയായിട്ടുണ്ട്. ഇതോടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകൾ വഴി ഇയാൾ ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുന്നു. സ്വർണക്കടത്തും മൊബൈൽ ഫോൺ കച്ചവടവുമുൾപ്പെടെ നടത്തിവന്നിരുന്ന സുൽത്താൻ,​ വിദേശയാത്രയിലും മറ്രും പണത്തിനായി എന്താണ് ചെയ്തതെന്നാണ് കണ്ടെത്തേണ്ടത്. പണം കൈയിൽ കരുതിയാണ് യാത്രകൾ നടത്തിയിരുന്നതെന്നാണ് ഇയാൾ എക്സൈസിനോട് വെളിപ്പെടുത്തിയത്.