ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിന് ശരാശരി മാർക്ക്: ഉത്തരവിന് സ്റ്റേ
കൊച്ചി: ഉത്തരക്കടലാസ് നഷ്ടപ്പെട്ട എം.ബി.എ വിദ്യാർത്ഥിനിക്ക് മറ്റ് വിഷയങ്ങളിൽ ലഭിച്ചതിന്റെ ശരാശരി മാർക്ക് നൽകണമെന്ന ലോകായുക്ത ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള സർവകലാശാലയുടെ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹർജിയിൽ സർക്കാരിന്റെയടക്കം വിശദീകരണം തേടി. ലോകായുക്തയെ സമീപിച്ച വിദ്യാർത്ഥിനിക്കും നോട്ടീസിന് നിർദ്ദേശിച്ചു. വിഷയം അടുത്തമാസം പരിഗണിക്കും. 71 വിദ്യാർത്ഥികളിൽ 65 പേർ പുനപ്പരീക്ഷയെഴുതിയെന്നും രണ്ടാം ദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ചെന്നും സർവകലാശാല ചൂണ്ടിക്കാട്ടി. ഈ പരീക്ഷ എഴുതാനാകാത്ത ആറ് വിദ്യാർത്ഥികൾക്കായി വീണ്ടും നടത്തിയ പരീക്ഷ രണ്ടുപേർ ഒഴികെയുള്ളവർ എഴുതി. ഉത്തരക്കടലാസ് നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ശരാശരി മാർക്ക് നൽകുന്നത് ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ 10 വർഷമായി ഈ രീതിയില്ല. ലോകായുക്തയുടെ അധികാരപരിധിയിൽ വരാത്ത വിഷയത്തിലാണ് ഉത്തരവെന്നും സർവകലാശാലയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.