ഡോ. വന്ദനാദാസ് കൊലക്കേസ്: പ്രതി വന്ദനയെ കുത്തുന്നത് കണ്ടുവെന്ന് ആവർത്തിച്ച് സാക്ഷി
കൊല്ലം: പ്രതി വന്ദനദാസിനെ കുത്തുന്നത് നേരിട്ടു കണ്ടുവെന്ന മൊഴി പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിലും പ്രോസിക്യൂഷൻ വിഭാഗം ഒന്നാം സാക്ഷി മുഹമ്മദ് ഷിബിൻ കോടതിയിൽ ആവർത്തിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ നടന്ന ക്രോസ് വിസ്താരത്തിൽ പ്രതിഭാഗം വാദങ്ങൾ തള്ളിയാണ് ഷിബിൻ മൊഴിയിൽ ഉറച്ചുനിന്നത്.
ആശുപത്രി അത്യാഹിത വിഭാഗത്തിൽ പൊലീസും പ്രതിയും തമ്മിൽ നടന്ന പിടിവലിക്കിടയിൽ വന്ദനയ്ക്ക് അബദ്ധത്തിൽ കുത്തേറ്റതാണെന്നും കുത്താൻ ഉപയോഗിച്ചത് പ്രോസിക്യൂഷൻ ഹാജരാക്കിയ കത്രിക അല്ലെന്നുമുള്ള പ്രതിഭാഗം വാദത്തെ മുഹമ്മദ് ഷിബിൻ നിഷേധിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ നൽകിയിരുന്നെങ്കിൽ ഡോ. വന്ദനയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും പ്രതിഭാഗം വാദം ഉയർത്തി. ഇതിനെയും ഷിബിൻ നിഷേധിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രതി സന്ദീപ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരുന്ന സാഹചര്യത്തിൽ അവിടെ ചികിത്സ നൽകാൻ സാധിക്കുമായിരുന്നില്ലെന്നും ഷിബൻ പറഞ്ഞു. ക്രോസ് വിസ്താരം ശനിയാഴ്ച തുടരും. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി.പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും പ്രതിഭാഗത്തിനായി അഡ്വ. ബി.എ.ആളൂരും ഹാജരായി. 2023 മേയ് 10ന് രാത്രിയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ വൈദ്യപരിശോധനയ്ക്കായി പൊലീസ് എത്തിച്ചപ്പോഴാണ് പ്രതി സന്ദീപ് ഡ്യൂട്ടി ഡോക്ടറായിരുന്ന വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്.