റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടം കടക്കാൻ നീന്തണം

Saturday 26 April 2025 12:18 AM IST

കൊല്ലം: ചെറിയൊരു മഴപെയ്താൽ പോലും റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം അധികൃതർ ഒരുക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. വലിയ മഴയോ, തുടരെയോ പെയ്താൽ ഇവിടം കുളം പോലെയാകും. മാനം തെളിഞ്ഞാലും ദിവസങ്ങളെടുക്കും വെള്ളം ഇറങ്ങാൻ. ഇക്കാരണത്താൽ യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി രണ്ടാം കവാടം വഴി ബസ് കയറാൻ പോകുന്നതും തിരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതും ഏറെ ബുദ്ധിമുട്ടിയാണ്. വെള്ളക്കെട്ട് മറികടക്കാൻ ഒരാൾക്കുമാത്രം പോകാൻ കഴിയുന്ന രീതിയിൽ സിമന്റ് കട്ടകൾ നിരത്തിയിട്ടുണ്ട്. മഴ നിറുത്താതെ പെയ്യുമ്പോൾ ഈ കട്ടകളും വെള്ളത്തിനടിയിലാകും. ഈ വെള്ളക്കെട്ടിന് സമീപത്താണ് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്തിരിക്കുന്നത്. ഓട്ടോറിക്ഷയിൽ കയറണമെങ്കിലും യാത്രക്കാർ വെള്ളവും ചെളിയിലും ചവിട്ടണം. ചെളിയിൽ തെന്നിവീഴുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.

വഴി മാറാനും കഴിയില്ല

രണ്ടാം കവാടത്തിന് സമീപം നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷീറ്റുകൊണ്ട് മറച്ചിട്ടുണ്ട്. അതിനാൽ വെള്ളത്തിൽ ചവിട്ടാതെ വഴിമാറി പോകാനും യാത്രക്കാർക്ക് കഴിയില്ല.

ഇതുവഴിയുള്ള യാത്ര വലിയ ബുദ്ധിമുട്ടാണ്. വെള്ളത്തിൽ ചവിട്ടാതെ പോകാൻ സംവിധാനം ഒരുക്കണം.

സൂര്യ, യാത്രക്കാരൻ