11കാരനെ പൊള്ളിച്ച പിതാവ് അറസ്റ്റിൽ
Saturday 26 April 2025 12:19 AM IST
പത്തനാപുരം: സുഹൃത്തുക്കളുമൊത്ത് കുളിക്കാൻ പോയ 11 വയസുകാരനെ ഇരുമ്പ് കമ്പി പഴുപ്പിച്ച് പൊള്ളിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പത്തനാപുരം കാരൻമൂട് സ്വദേശി വിൻസ് കുമാറിനെയാണ് (40) പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവിന്റെ വിലക്ക് ലംഘിച്ച് മകൻ പുഴയിൽ കുളിക്കാൻ പോയതിൽ പ്രകോപിതനായാണ് തിരികെയെത്തിയപ്പോൾ ഗ്യാസ് അടുപ്പിൽ വച്ച് പഴുപ്പിച്ച കമ്പികൊണ്ട് പൊള്ളലേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മാതാവ് മകനെയും കൂട്ടി പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കാൽ മുട്ടിന് താഴെയും ഇടത് തുടയിലും സാരമായി പൊള്ളലേറ്റു. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് പിടികൂടിയ പിതാവിനെ റിമാൻഡ് ചെയ്തു.