തൊഴിലുറപ്പ് പദ്ധതി: കൂലി കുടിശ്ശിക ഉടൻ അക്കൗണ്ടുകളിലേക്ക്
കൊല്ലം: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കഴിഞ്ഞ വർഷത്തെ കൂലി കുടിശ്ശിക കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുവദിച്ചു. ഒഴ്ചായ്ക്കുള്ളിൽ എല്ലാ തൊഴിലുറപ്പ് അംഗങ്ങളുടെയും അക്കൗണ്ടുകളിലേക്ക് പണമെത്തും. കഴിഞ്ഞ ഡിസംബർ മുതലുള്ള കൂലിയിനത്തിൽ ഏകദേശം 105 കോടി രൂപയാണ് ജില്ലയിൽ കുടിശ്ശിക ഉണ്ടായിരുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം 60.09 ലക്ഷം തൊഴിൽ ദിനങ്ങളാണ് ജില്ലയ്ക്ക് അനുവദിച്ചിരുന്നത്. എന്നാൽ ഒരു കോടിയോളം തൊഴിൽ ദിനങ്ങൾ നൽകി. അധികമായ നൽകിയ തൊഴിൽ ദിനങ്ങൾക്ക് ആനുപാതികമായി ലേബർ ബഡ്ജറ്റ് പരിഷ്കരിക്കാഞ്ഞതിനാണ് കൂലി അനുവദിക്കുന്നത് വൈകിയത്. ഈ വർഷത്തെ വിഹിതത്തിൽ നിന്ന് കൂലി കുടിശിക നൽകേണ്ടി വരുമോയെന്ന ആശങ്കയും ഉയർന്നിരുന്നു.
ഇനി പണിക്ക് വേഗമേറും
മൂന്ന് മാസത്തെ കൂലി കിട്ടാത്തതിനാൽ ഈ സാമ്പത്തികവർഷം ഒരു വിഭാഗം തൊഴിലുറപ്പ് അംഗങ്ങൾ ജോലിക്ക് എത്തിയിരുന്നില്ല. മുൻ വർഷങ്ങളിൽ ഏപ്രിൽ മാസത്തിൽ ശരാശരി ഏഴ് ലക്ഷം തൊഴിൽ ദിനങ്ങൾ ജില്ലയിൽ നൽകുന്നതാണ്. എന്നാൽ ഇത്തവണ ഒരു വിഭാഗം അംഗങ്ങൾ ജോലിക്ക് സന്നദ്ധരാകാഞ്ഞതിനാൽ 3.5 ലക്ഷം തൊഴിൽ ദിനങ്ങളേ ജില്ലയിൽ ഇതുവരെ നൽകിയിട്ടുള്ളു. കൂലി ലഭിക്കുന്നതോടെ കൂടുതൽ പേർ ജോലിക്കെത്തി പദ്ധതിയുടെ വേഗത വർദ്ധിക്കും.