തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടു, ചുറ്റമ്പലം ഇടിച്ചുതകർത്തു

Saturday 26 April 2025 12:47 AM IST

നെയ്യാറ്റിൻകര: ക്ഷേത്രോത്സവത്തിനിടെ വിരണ്ട ആന ക്ഷേത്രപരിസരത്ത് നാശംവിതച്ചു. നെയ്യാറ്റിൻകരയ്‌ക്ക് സമീപം പൊഴിയൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. തിരുവിതാംകൂ‌ർ ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലുള്ള പാറശാല ശിവശങ്കരൻ എന്ന ആനയാണ് പിണങ്ങിയത്.

വെള്ളിയാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഓടുകളും ചുറ്റമ്പലവും ആന ഇടിച്ച് തകർത്തു. ആന പിണങ്ങാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പ്രശ്‌നം സൃഷ്‌ടിച്ച ആനയെ തളയ്‌ക്കാൻ പാപ്പാന്മാർക്ക് കഴിഞ്ഞിട്ടില്ല. മുൻകാലുകളിൽ ചങ്ങലയില്ലെങ്കിലും ഇടച്ചങ്ങലയുള്ളതിനാൽ ആന കൂടുതൽ ഓടിയില്ല. സംഭവസമയത്ത് നിരവധി ജനങ്ങളും തന്ത്രിയുമടക്കം ക്ഷേത്രപരിസരത്തുണ്ടായിരുന്നു. എന്നാൽ മതിയായത്ര പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക വിവരം.