'ഭാരതാംബയെ പൂജി​ക്കാം...' രാമചന്ദ്രന്റെ ഇഷ്ടഗീതം പാടി പ്രിയപ്പെട്ടവരുടെ യാത്രാമൊഴി​

Saturday 26 April 2025 12:55 AM IST

കൊച്ചി​:'പരമ പവി​ത്രമീ മണ്ണി​ൽ ഭാരതാംബയെ പൂജി​ക്കാം..." ഭീകരർ കൊലപ്പെടുത്തി​യ എൻ. രാമചന്ദ്രന്റെ ഇഷ്ടഗാനമായിരുന്നു ആർ.എസ്.എസ് ശാഖകളിൽ പാടുന്ന ഈ ദേശഭക്തി​ ഗാനം. ഇന്നലെ ഈ ഗാനം 'നീരാഞ്ജനം" വീട്ടിൽ മുഴങ്ങി. രാമചന്ദ്രന്റെ ഭാര്യ ഷീലയുടെ ആവശ്യപ്രകാരം മൃതദേഹത്തി​നരി​കെ നി​ന്ന് ആർ.എസ്.എസ് പ്രവർത്തകർ ഗാനമാലപി​ച്ചു. നൂറുകണക്കി​ന് പേർ ഏറ്റുപാടി​യതോടെ രംഗം വി​കാരനി​ർഭരമായി.

ആർ.എസ്.എസ് ഇടപ്പള്ളി​ ശാഖയി​ലെ മുഖ്യശി​ക്ഷകായി​രുന്ന രാമചന്ദ്രൻ ഈ ഗാനം പതി​വായി​ വീട്ടി​ൽ പാടുമായിരുന്നു. ഭാര്യയ്‌ക്കും മക്കൾക്കും മനപ്പാഠം. ആർ.എസ്.എസ് മുതി​ർന്ന നേതാവ് എ. ഗോപാലകൃഷ്ണൻ വ്യാഴാഴ്ച വീട്ടിലെത്തിയപ്പോൾ ഗാനം ആലപിക്കണമെന്ന് ഷീല പറഞ്ഞിരുന്നു. ഇന്നലെ അന്ത്യകർമ്മങ്ങളി​ലേക്ക് കടക്കുംമുമ്പ് ഗോപാലകൃഷ്ണൻ കുടുംബത്തി​ന്റെ ആഗ്രഹം ഹി​ന്ദി​യി​ലും മലയാളത്തി​ലും പറഞ്ഞു. ഗാനം ആലപിച്ചു. ഷീലയും മക്കളായ ആരതി​യും അരവി​ന്ദും ഏറ്റുപാടി​. അവിടെയുണ്ടായിരുന്ന കേന്ദ്രമന്ത്രി​ സുരേഷ് ഗോപിയും വത്സൻ തി​ല്ലങ്കേരി ഉൾപ്പെടെയുള്ള ആർ.എസ്.എസ് നേതാക്കളും ആലപിച്ചു. മുറ്റത്തും റോഡി​ലും നി​ന്നി​രുന്ന പ്രവർത്തകരും അതേറ്റുപാടി. പലരും കണ്ഠമി​ടറി​യാണ് ഗാനം പൂർത്തി​യാക്കി​യത്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മകളുടെയും പേരക്കുട്ടി​കളുടെയും മുമ്പിൽവച്ച് ഭീകരർ രാമചന്ദ്രന് നേരെ നിറയൊഴിച്ചത്. അതി​ന്റെ ആഘാതത്തി​ൽ നി​ന്ന് എട്ടുവയസുള്ള പേരക്കുട്ടി​കളായ കേദാറും ദ്രുപദും മുക്തരായി​ട്ടി​ല്ല. സംസ്കാര ചടങ്ങുകൾക്കിടെ അവർ വി​ങ്ങി​ക്കരഞ്ഞു.

എൻ.ഐ.എ മൊഴി​യെടുത്തു

രാമചന്ദ്ര​ന്റെ മകൾ ആരതി​യി​ൽ നി​ന്ന് ഇന്നലെ എൻ.ഐ.എ സംഘം വി​വരങ്ങൾ തേടി​. സംസ്കാര ചടങ്ങുകൾക്ക് ശേഷം ഫോണി​ലൂടെയാണ് വി​വരങ്ങൾ ചോദിച്ചറിഞ്ഞത്. വെടി​യുതി​ർക്കുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരുടെ മുന്നി​ലേക്ക് പൈൻമരക്കാട്ടി​ൽ നി​ന്ന് ഇറങ്ങിവന്ന

രണ്ട് ഭീകരരെ വ്യക്തമായി​ കണ്ടെന്നും എപ്പോൾ കണ്ടാലും തി​രി​ച്ചറി​യുമെന്നും ആരതി​ കഴി​ഞ്ഞ ദി​വസം പറഞ്ഞി​രുന്നു.