പിറന്നാൾ ദിനത്തിൽ വിജയന് യാത്രഅയപ്പ്
മലപ്പുറം: ഫുട്‌ബാൾ ഇതിഹാസം ഐ.എം. വിജയന് അദ്ദേഹത്തിന്റെ 56-ാം പിറന്നാൾ ദിനമായ ഇന്നലെ പൊലീസ് സേന ഔദ്യോഗിക യാത്രഅയപ്പ് നൽകി. മലപ്പുറത്ത് എം.എസ്.പി അസിസ്റ്റന്റ് കമൻഡാന്റ് ആയ വിജയൻ 30നാണ് സർവീസിൽ നിന്ന് വിരമിക്കുക. ഇന്നലെ രാവിലെ നടന്ന ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽ നിന്ന് വിജയൻ സല്യൂട്ട് സ്വീകരിച്ചു. യാത്രഅയപ്പ് ചടങ്ങ് എം.എസ്.പി കമൻഡാന്റ് എ.എസ്. രാജു ഉദ്ഘാടനം ചെയ്തു. എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കമൻഡാന്റ് പി.ഹബീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം അബു സലീം, പൊലീസ് ഉദ്യോഗസ്ഥരായ കുഞ്ഞുമോൻ, കെ.പി.ഗണേശൻ, പി.ബാബു, കെ.എം.റിജേഷ് എന്നിവർ സംസാരിച്ചു. കേരളാ പൊലീസ് ഫുട്ബോൾ ടീമിന്റെ സുവർണ നിരയിലെ അവസാന കണ്ണികൂടിയാണ് പടിയിറങ്ങുന്നത്.
കളിക്കളത്തിൽ കാണാം
പൊലീസിൽ നിന്നിറങ്ങിയാലും ഫുട്ബാൾ മൈതാനത്ത് കാണാമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിഹാസമേ സല്യൂട്ട്
1987ൽ 18-ാം വയസിൽ പൊലീസ് കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ച വിജയൻ 1991ൽ ജോലി വിട്ട് കൊൽക്കത്ത മോഹൻബഗാനായി ഫുട്ബോൾ കളിക്കാൻ പോയി. 1992ൽ പൊലീസിൽ തിരിച്ചെത്തി. അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ നിർബന്ധത്തിലാണ് തിരിച്ചെത്തിയതെന്ന് പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു. 1993ൽ വീണ്ടും പൊലീസ് ജോലി ഉപേക്ഷിച്ച വിജയൻ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ജെ.സി.ടി മിൽസ് ഫഗ്‌വാര, എഫ്.സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്സ് ക്ലബ്ബുകളിൽ കളിച്ചു. 1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്‌ബാൾ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. 2000- 2004 കാലത്ത് ഇന്ത്യൻ ക്യാപ്റ്റനായി. 2006ൽ കൊൽക്കത്ത ഈസ്റ്റ് ബംഗാളിൽ നിന്ന് ഇറങ്ങിയതോടെ പ്രൊഫഷണൽ ഫുട്‌ബാളിൽ നിന്ന് വിടവാങ്ങി. എ.എസ്.ഐ ആയാണ് തിരികെ പൊലീസിൽ പ്രവേശിച്ചത്. 2021ൽ എം.എസ്.പി അസിസ്റ്റന്റ് കമൻഡാന്റ് ആയി. 2002ൽ അർജുന അവാർഡും 2025ൽ പദ്മശ്രീയും നൽകി രാജ്യം ആദരിച്ചു.