ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : 59 അംഗ ടീമിൽ എട്ട് മലയാളി താരങ്ങൾ
നീരജ് ചോപ്ര മത്സരിക്കില്ല
കൊച്ചി: കൊറിയയിലെ ഗുമിയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ തലയെടുപ്പായി എട്ട് മലയാളി താരങ്ങൾ. 59 അംഗ ടീമിനെ ഇന്നലെ കൊച്ചിയിൽ എ.എഫ്.ഐ പ്രസിഡന്റ് ബഹദൂർ സിംഗ് സാഗൂ പ്രഖ്യാപിച്ചു.
അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), അനു രാഘവൻ (400 ഹർഡിൽസ്), ആൻസി സോജൻ (ലോംഗ്‌ജമ്പ്), മനു ടി.എസ്, റിൻസ് ജോസഫ് (പുരുഷ വിഭാഗം 4-400 റിലേ), കെ. സ്നേഹ, ജിസ്‌ന മാത്യു, സാന്ദ്രമോൾ സാബു (വനിതാ വിഭാഗം 4-400 റിലേ) എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ. ദേശീയ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടീം തിരഞ്ഞെടുപ്പ്.
മേയ് 27 മുതൽ 31 നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി ഒളിമ്പിക്‌സ് മെഡൽ ജേതാവ് നീരജ് ചോപ്ര മത്സരിക്കില്ല. സച്ചിൻ യാദവും യശ്‌വീർ സിംഗും പകരമിറങ്ങും. ഫെഡറേഷൻ മീറ്റിൽ 22 പുരുഷ അത്‌ലറ്റുകളും, 19 വനിതാ അത്‌ലറ്റുകളും ഏഷ്യൻ യോഗ്യത മാർക്ക് ക്ലിയർ ചെയ്തിരുന്നു. 31 പുരുഷൻമാരും, 28 വനിതകളുമാണ് ഏഷ്യൻ മീറ്റിനുള്ള ടീമിലുള്ളത്. ഫെഡറേഷൻ മീറ്റിന്റെ ഹീറ്റ്‌സിലുൾപ്പെടെ രണ്ടുതവണ ഏഷ്യൻ യോഗ്യതാ മാർക്ക് പിന്നിട്ട മലയാളി താരം മുഹമ്മദ് അഫ്‌സലിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഫൈനലിൽ നാലാം സ്ഥാനത്തായിരുന്നു അഫ്‌സൽ. ഇതാണ് തിരിച്ചടിയായത്.
ഏഷ്യൻ മാർക്ക് മറികടക്കാനായില്ലെങ്കിലും ഹർഡിൽസിലെ മികച്ച പ്രകടനം അനുവിന് ടീമിലേക്കുള്ള വഴിയൊരുക്കി. വനിതകളുടെ 400 മീറ്ററിൽ മലയാളി താരങ്ങളായ അനഘ ബി.എ, അൻസ ബാബു എന്നിവർ യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തിരുന്നുവെങ്കിലും ദേശീയ ക്യാമ്പിൽ ഇല്ലാത്തതിനാൽ 4-400 റിലേക്കുള്ള എട്ടംഗ ടീമിൽ ഇടംപിടിച്ചില്ല. കുഞ്ച രജിതയും സാന്ദ്രമോൾ സാബുവുമാണ് പകരം ഇടംനേടിയത്. ഇരുവരും ഫൈനലിന് യോഗ്യത നേടിയിരുന്നില്ല.
100 മീറ്റർ ഹീറ്റ്‌സിൽ മീറ്റ് റെക്കാഡും ഏഷ്യൻ യോഗ്യതയും നേടിയ മണികണ്ഠ ഹൊബ്ലിദാറിനെ റിലേ ടീമിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വനിതകളുടെ 10,000 മീറ്ററിലും ജാവലിൻ ത്രോയിലും ആരും ഏഷ്യൻ യോഗ്യത നേടിയിരുന്നില്ല. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 800ൽ സ്വർണവും വെള്ളിയും നേടിയവർ ടീമിലുണ്ട്. ഇതിൽ അനുകുമാറും ഹീറ്റ്‌സിലാണ് ഏഷ്യൻ യോഗ്യത നേടിയത്. കൃഷൻ കുമാർ യോഗ്യത നേടിയതുമില്ല.