ചരിത്രകാരൻ  ഡോ.  എംജിഎസ്  നാരായണൻ  അന്തരിച്ചു

Saturday 26 April 2025 10:27 AM IST

കോഴിക്കോട്: ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിൽ ആയിരുന്നു അന്ത്യം. കേരളത്തിന്റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവന നൽകിയ പ്രതിഭ. കേരള ചരിത്രത്തിൽ നിർണായകമായ പല കണ്ടെത്തലുകളും നടത്തി. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അദ്ധ്യക്ഷനായിരുന്നു.

കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിന്റെ തലവനായി പ്രവർത്തിച്ചു. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിന് ശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന് പുസ്തകം എഴുതിയത്. അന്തർദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.

1932 ഓഗസ്റ്റ് ഇരുപതിന് മലപ്പുറം പരപ്പനങ്ങാടി മുറ്റായിൽ നാരായണി അമ്മയുടെയും ഡോ പി കെ ഗോവിന്ദമേനോന്റെയും മകനായി ജനനം. ഒന്നാം റാങ്കോടെ ചരിത്രത്തിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസിൽ ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസിൽ യുജിസി ഫെലോഷിപ്പിൽ യൂണിവേഴ്സിറ്റിയിൽ ചരിത്ര ഗവേഷണം ആരംഭിച്ചു. പ്രൊഫസർ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഫാക്കൽറ്റി ഡീൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. 1976 മുതൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൽ ചേർന്നു പ്രവർത്തിച്ചു വിവിധ ചുമതലകൾ വഹിച്ചു. കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസലിൻ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചുമായി സഹകരിച്ച് അനവധി ചരിത്രപ്രാധാന്യമുള്ള പ്രൊജക്ടുകൾക്ക് നേതൃത്വം വഹിച്ചു.

ചരിത്ര സത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, കോഴിക്കോട് ചരിത്രത്തിൽ ചില ഏടുകൾ, കോഴിക്കോടിന്റെ കഥ, കൾച്ചറൽ സിംബോസിസ് ഇൻ കേരള, മലബാർ, കേരള ചരിത്രത്തിന്റെ അടിസ്ഥാനശിലകൾ, കാഴ്കൾ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാനകൃതികൾ.ഭാര്യ: പ്രേമലത. മക്കൾ: എൻ വിജയകുമാർ, എൻ വിനയ. മരുമക്കൾ: ദുർഗ വിജയകുമാർ, മനോജ്.