കാൽവഴുതി പുഴയിൽ വീണു; എറണാകുളത്ത് 19കാരി മരിച്ചു, സഹോദരി ആശുപത്രിയിൽ
കൊച്ചി: എറണാകുളം പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19കാരി മരിച്ചു. മുടിക്കൽ സ്വദേശി പുളിക്ക കുടി ഷാജിയുടെ മകൾ ഫാത്തിമ ആണ് മരിച്ചത്. പുഴയരികിൽ പാറയിൽ നിന്ന് കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടമുണ്ടായത്. ഫാത്തിമയ്‌ക്കൊപ്പം വെള്ളത്തിൽ വീണ സഹോദരി ഫർഹത്തിനെ (15) രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ മുടിക്കലിൽ പുഴയരികിൽ നടക്കാനിറങ്ങിയപ്പോഴാണ് സഹോദരിമാർ അപകടത്തിൽപ്പെട്ടത്. മുടിക്കൽ ഡിപ്പോ കടവിലാണ് സംഭവം. രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയിൽ നിൽക്കുമ്പോഴാണ് കാൽവഴുതി ഫാത്തിമ വെള്ളത്തിലേക്ക് വീണത്. സമീപത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്ന ആൾ ഉടൻതന്നെ വെള്ളത്തിലിറങ്ങി ഫർഹത്തിനെ രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, ഫാത്തിമയുടെ ജീവൻ രക്ഷിക്കാനായില്ല. ഫർഹത് മുടിക്കൽമേരി സ്‌കൂളിലെയും ഫാത്തിമ പെരുമ്പാവൂർ മാർത്തോമ കോളേജിലെയും വിദ്യാർത്ഥികളാണ്.