അബുദാബിയിൽ മലയാളിയായ പ്ലസ് ടു വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Saturday 26 April 2025 12:47 PM IST

അബുദാബി: യുഎഇയിലെ അബുദാബിയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം തോട്ടറ സ്വദേശി ബിനോയ് തോമസിന്റെയും എൽസി ബിനോയുടെയും മകൻ അലക്‌സ് ബിനോയ് ആണ് മരിച്ചത്. 17 വയസായിരുന്നു. അബുദാബി ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു അലക്‌സ്.

വ്യാഴാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ കെട്ടിടത്തിലാണ് കുടുംബം താമസിക്കുന്നത്. ഇതിന്റെ മൂന്നാം നിലയിൽ നിന്നാണ് അലക്‌സ് താഴേക്ക് വീണത്. മകൻ കെട്ടിടത്തിൽ നിന്ന് വീണത് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. വാച്ച്‌മാൻ വിളിക്കുമ്പോഴാണ് ബിനോയ് വിവരം അറിയുന്നത്. ഗുരുതരമായി പരിക്കേറ്റ അലക്‌സിനെ അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അലക്‌സിന്റെ മാതാപിതാക്കൾ ഏറെനാളായി യുഎഇയിലാണ് താമസിക്കുന്നത്. മാതാവി എൽസി അബുദാബിയിലെ ആശുപത്രിയിൽ നഴ്‌സാണ്. സഹോദരങ്ങൾ - ഡോ. രാഹുൽ ബിനോയ്, രോഹിത് ബിനോയ് (പോളണ്ട്). അലക്‌സിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് തോട്ടറയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ചർച്ചിൽ നടക്കും.