ഭൂകമ്പങ്ങൾ എല്ലാം ഭൂകമ്പങ്ങളല്ല, രഹസ്യ ആണവ പരീക്ഷണങ്ങളായിരിക്കാമെന്ന് സൂചന

Saturday 26 April 2025 3:30 PM IST

വാഷിംഗ്‌ടൺ: ചില ഭൂകമ്പങ്ങൾ യഥാർത്ഥത്തിൽ രഹസ്യമായി നടത്തുന്ന ഭൂഗർഭ ആണവ പരീക്ഷണങ്ങളാകാം എന്ന് ശാസ്ത്രജ്ഞർ. ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിലെ ഭൂകമ്പ ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ ഒരു അവലോകനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ജോഷ്വ കാർമൈക്കലിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം സീസ്മോളജിക്കൽ സൊസൈറ്റി ഒഫ് അമേരിക്കയുടെ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രകൃതിദത്ത ഭൂകമ്പങ്ങളും രഹസ്യ ആണവ സ്ഫോടനങ്ങളും തമ്മിൽ വേർതിരിച്ചറിയുന്നതിലെ വെല്ലുവിളികൾ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഭൂഗർഭ ആണവ പരീക്ഷണങ്ങൾക്ക് സ്വാഭാവിക ഭൂകമ്പങ്ങളുടേതിന് സമാനമായ ഭൂകമ്പ സിഗ്നലുകൾ പുറപ്പെടുവിക്കാൻ കഴിയുമെന്നതിനാൽ ഇവ തമ്മിൽ വേർതിരിച്ചറിയുന്നത് വെല്ലുവിളി ഉണർത്തുന്നു. എന്നാൽ കംപ്രഷൻ (പി) തരംഗങ്ങളുടെയും ഷിയർ (എസ്) തരംഗങ്ങളുടെയും അനുപാതം വിശകലനം ചെയ്യുന്നത് പോലുള്ള ഭൂകമ്പ നിരീക്ഷണ സാങ്കേതിക വിദ്യകളികൾ, ഇവ രണ്ടും തമ്മിൽ വേർതിരിച്ചറിയാൻ സഹായിക്കുന്നു. ഭൂകമ്പങ്ങളെ അപേക്ഷിച്ച് സ്ഫോടനങ്ങൾ സാധാരണയായി എസ്-തരംഗങ്ങളേക്കാൾ കൂടുതൽ പി-തരംഗങ്ങൾ സൃഷ്ടിക്കുന്നു.

ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിൽ നടത്തിയ പുതിയ വിശകലനത്തിൽ, 97 ശതമാനം വിജയ നിരക്കിൽ 1.7 ടൺ ഭാരമുള്ള ഒരു സ്ഫോടനം തിരിച്ചറിയാൻ കഴിയുന്ന നൂതന സിഗ്നൽ ഡിറ്റക്ടർ സാങ്കേതികവിദ്യയ്ക്ക്, ആ സ്ഫോടനത്തിൽ നിന്നുള്ള ഭൂകമ്പ സിഗ്നലുകൾ 100 സെക്കൻഡിനുള്ളിൽ സംഭവിക്കുന്ന ഭൂകമ്പത്തിന്റെ ഭൂകമ്പ തരംഗരൂപങ്ങളിൽ മറഞ്ഞിരിക്കുമ്പോൾ 37 ശതമാനം വിജയ നിരക്ക് മാത്രമേ ഉണ്ടാകൂ എന്ന് കണ്ടെത്തി.

സ്ഫോടനത്തിന്റെയും ഭൂകമ്പത്തിന്റെയും ഓവർലാപ്പിംഗ് തരംഗരൂപങ്ങൾ, സ്ഫോടനം തിരിച്ചറിയാനുള്ള ഏറ്റവും സെൻസിറ്റീവ് ഡിജിറ്റൽ സിഗ്നൽ ഡിറ്റക്ടറുകളുടെ ശേഷിയെ പോലും കുറയ്ക്കുന്നുവെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഭൂകമ്പ സിഗ്നലുകൾക്ക് സ്ഫോടന സിഗ്നലുകളെ മറയ്ക്കാൻ കഴിയില്ലെന്ന് 2012ൽ പുറത്തിറങ്ങിയ പഠനം പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നതാണ് പുതിയ വിശകലനം.

കഴിഞ്ഞ 20 വർഷത്തിനിടെ ആറ് ആണവ പരീക്ഷണങ്ങൾ നടന്ന ഉത്തരകൊറിയയിൽ, പ്രാദേശിക ഭൂകമ്പ ഉപകരണങ്ങളുടെ വർദ്ധനവ് ചൂണ്ടിക്കാട്ടുന്നത് പരീക്ഷണ കേന്ദ്രങ്ങളുടെ പരിസരത്തായി കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണെന്നും ലോസ് അലാമോസിലെ ശാസ്ത്രജ്ഞർ വിലയിരുത്തി.