തലസ്ഥാനത്ത് നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്‌ടി വിദ്യാർത്ഥി മുങ്ങിമരിച്ചു

Saturday 26 April 2025 6:21 PM IST

വെഞ്ഞാറമൂട് : വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ ഐ.ഐ.എസ്.ടി വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേയ്സ് സയൻസ് ആൻഡ് ടെക്‌നോളജിലെ എംടെക് വിദ്യാർത്ഥിയായ ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രഹ്മണ്യനാണ് മരിച്ചത്. വാമനപുരം നദിയിലെ വിതുര താവയ്ക്കൽ വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു സംഭവം. ഇവിടെവച്ച് മോഹൻ രാജ് ഒഴുക്കിൽപ്പെട്ട് പാറക്കെട്ടിൽ നിന്ന് തെന്നി വീണുപോകുകയായിരുന്നു.

പുഴയിൽ വീണതോടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണാതായി. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന്‌ ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാ‌ഴ്‌ച രാവിലെ എട്ടുമണിയോടെയാണ് യുവാവ് കുളിക്കാനിറങ്ങിയത്. കഴിഞ്ഞ‌ദിവസം വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതേ തുടർന്ന് പുഴയിൽ നീരൊഴുക്കും വർദ്ധിച്ചിരുന്നു. ഇതാണ് ഇന്ന് അപകടത്തിനിരയാക്കിയത്.