മോഹന്‍ ബഗാനോട് ക്വാര്‍ട്ടറില്‍ പൊരുതി വീണു; കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച് സെമിയില്‍

Saturday 26 April 2025 8:45 PM IST

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ മോഹന്‍ ബഗാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരവും മലയാളിയുമായ സഹല്‍ അബ്ദുള്‍ അഹമ്മദ്, സുഹൈല്‍ അഹമ്മദ് ബട്ട് എന്നിവരാണ് ബഗാന്റെ ഗോളുകള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ശ്രീക്കുട്ടനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്.

കളിയുടെ 22-ാം മിനിറ്റില്‍ സലാഹുദീന്‍ സഹലിലേക്ക് കൃത്യം ക്രോസും നല്‍കി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം നോക്കിനില്‍ക്കെ സഹല്‍ സച്ചിന്‍ സുരേഷിനെ കീഴടക്കി പന്ത് വലയിലാക്കി. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ബഗാന്‍ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് 51ാം മിനിറ്റില്‍ സുഹൈല്‍ അഹമ്മദാണ് ഗോളടിച്ചത്. ഇടയ്ക്ക് കേരളത്തിന്റെ ചില മികച്ച നീക്കങ്ങളുണ്ടായിരുന്നുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഭാഗ്യം തുണയ്ക്കാത്തത് കൊണ്ട് മാത്രം ഒന്നിലധികം ഗോളവസരങ്ങള്‍ അകന്നു പോയി.

അവസാന മിനിറ്റിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനായി ശ്രീക്കുട്ടന്റെ ഗോള്‍. ബോക്സിലേക്കുള്ള ഹിമെനെയുടെ പന്ത് പിടിച്ചെടുത്ത് ശ്രീക്കുട്ടന്‍ കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു. മികച്ച നീക്കങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ പല തവണ ഗോളിന് അടുത്തെത്തി. എന്നാല്‍ ലക്ഷ്യം കാണാനായില്ല. ഒടുവില്‍ ബഗാന് മുന്നില്‍ പൊരുതി വീഴുകയും ചെയ്തു.