തൃശൂർപൂരം അലങ്കോലപ്പെട്ട സംഭവം: അന്വേഷണത്തിൽ ഡി.ജി.പിക്ക് മൗനം

Sunday 27 April 2025 4:23 AM IST

തൃശൂർ : കഴിഞ്ഞവർഷത്തെ തൃശൂർപൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച അന്വേഷണത്തിൽ ഡി.ജി.പി ഷേയ്ക്ക് ദർവേഷ് സാഹിബിന് മൗനം. 'കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. പോസിറ്റീവായി ചിന്തിക്കൂ." എന്നായിരുന്നു മദ്ധ്യമങ്ങളോടുള്ള പ്രതികരണം.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ സംബന്ധിച്ച് അന്വേഷിച്ചത് എ.ഡി.ജി.പിയായിരുന്ന മനോജ് എബ്രഹാം. ഈ അന്വേഷണം പൂർത്തിയായി. നടപടിയെടുക്കേണ്ടത് സർക്കാരാണ്. മറ്റ് അന്വേഷണങ്ങൾ ഏത് വരെയെത്തിയെന്ന് വ്യക്തമാക്കാനും ഡി.ജി.പി തയ്യാറായില്ല. പൂരം കലക്കൽ സംബന്ധിച്ച ഗൂഢാലോചനയെയും കുറ്റകൃത്യങ്ങളെയും കുറിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കിടേശിന്റെ നേതൃത്വത്തിലും എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ വീഴ്ചകളെക്കുറിച്ച് പൊലീസ് മേധാവിയുമാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി പൂരം കാണാൻ വരുന്നുണ്ടോയെന്ന ചോദ്യത്തിന് തനിക്ക് അറിവ് ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി മറുപടിനൽകി.

പൊലീസ് ശക്തമാകും

മുൻ വർഷത്തേക്കാൾ കൂടുതൽ പൊലീസിനെ തൃശൂർ പൂരത്തിന് വിന്യസിപ്പിക്കും. 50 പേരടങ്ങുന്ന കമൻഡോ സംഘവുമുണ്ടാവും. 4000 പൊലീസുകാരാണ് സുരക്ഷയ്ക്കുണ്ടാവുക. 35 ഡിവൈ.എസ്.പിമാർ, 71 ഇൻസ്‌പെക്ടർമാർ എന്നിവരുടെ നിയന്ത്രണത്തിലുള്ള സംവിധാനമാണുണ്ടാകുക. 200 വനിതാ സി.പി.ഒമാരെയും നിയോഗിക്കും.