ബാറ്റിംഗ് വിരുന്നൊരുക്കി പ്രഭ്‌സിംറാനും പ്രിയാന്‍ഷും; ഈഡനില്‍ പഞ്ചാബിന് മിന്നും സ്‌കോര്‍

Saturday 26 April 2025 9:26 PM IST

കൊല്‍ക്കത്ത: യുവ ഓപ്പണര്‍മാരായ പ്രഭ്‌സിംറാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ മികവില്‍ പഞ്ചാബ് കിംഗ്‌സിന് മികച്ച സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് അവര്‍ നേടിയത്. എന്നാല്‍ ആദ്യത്തെ 14.3 ഓവറില്‍ 160 റണ്‍സെടുത്ത പഞ്ചാബിന് അവസാന 27 പന്തുകളില്‍ വെറും 41 റണ്‍സ് മാത്രമാണ് ശ്രേയസ് അയ്യരുടെ ടീമിന് നേടാനായത്. ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ നിലവിലെ ചാമ്പ്യന്‍മാരുടെ പ്ലേ ഓഫ് പ്രവേശനം വലിയ ബുദ്ധിമുട്ടാകും.

11.5 ഓവറില്‍ 120 റണ്‍സാണ് ഓപ്പണര്‍മാര്‍ സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. 35 പന്തുകളില്‍ നിന്ന് നാല് സിക്‌സും എട്ട് ഫോറും സഹിതം 69 റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യയാണ് ആദ്യം പുറത്തായത്. 49 പന്തുകളില്‍ നിന്ന് ആറ് വീതം ഫോറുകളും സിക്‌സറുകളും നേടി പ്രഭ്‌സിംറാന്‍ സിംഗ് 83 റണ്‍സ് നേടിയാണ് പുറത്തായത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 25(16) റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ മോശം ഫോം തുടരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്‍ എട്ട് പന്തുകളില്‍ നിന്ന് ഏഴ് റണ്‍സ് മാത്രം നേടി മടങ്ങി. മാര്‍ക്കോ യാന്‍സനും 3(7) ബാറ്റിംഗില്‍ തിളങ്ങിയില്ല.

വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് ആറ് പന്തുകളില്‍ 11 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ സ്‌കോറിംഗ് ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കൂറ്റന്‍ സ്‌കോറിലേക്ക് എത്താന്‍ പഞ്ചാബിന് കഴിയുമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി വൈഭവ് അരോറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രേ റസലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.