ഒരു പങ്കാളിയായിരുന്നപ്പോൾ മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തിയതിൽ കുറ്റബോധം,​ അഞ്ച് ഭാര്യമാരിൽ ആനന്ദം കണ്ടെത്തി യുവാവ്

Saturday 26 April 2025 9:45 PM IST

ഒരൊറ്റ പങ്കാളിക്കൊപ്പമുള്ള ജീവിതം തന്നെ ഒരു വഞ്ചകനാക്കിയെന്നും അതിനാൽ അഞ്ചു യുവതികളെ വിവാഹം ചെയ്ത് സുഖ ജീവിതം നയിക്കുന്നുവെന്നും വ്യക്തമാക്കി യു.എസ് സ്വദേശിയായ ജെയിംസ് ബാരറ്റ്. ലോസ് ആഞ്ചലസിൽ റെക്കോഡിംഗ് ആ‌ർട്ടിസ്റ്റാണ് ബാരറ്റ്. അഞ്ച് ഭാര്യമാരും അതിൽ 11 മക്കളുമാണ് ബാരറ്റിനുള്ളത്. ഏകഭാര്യ സമ്പദ്രായമെന്ന മോണോഗമിയെ ഉപേക്ഷിച്ച് ഒന്നിൽ കൂടുതൽ പങ്കാളികളെന്ന പോളിഗമി രീതിയിൽ ജീവിതം കണ്ടെത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണ് ബാരറ്റ്.

ആദ്യം ജീവിതത്തിൽ ഒരു പങ്കാളിയാണുണ്ടായിരുന്നത്. അവരെ ഞാൻ സ്ഥിരമായി വഞ്ചിച്ചിരുന്നു. അവളറിയാതെ മറ്റു സ്ത്രീകളുമായി ബന്ധം പുലർത്തിപ്പോന്നു. വഞ്ചകനെന്ന് സ്വയം തോന്നിത്തുടങ്ങിയതോടെയാണ് പോളിഗമിയിലേക്ക് മാറിയത്. ഇപ്പോൾ അഞ്ചു ഭാര്യമാരോടൊപ്പം യാതൊരു പ്രശ്നവുമില്ലാതെ ജീവിക്കുന്നുവെന്നും 30കാരനായ ബാരറ്റ് പറഞ്ഞു. ഇപ്പോൾ കൂടുതൽ സ്വതന്ത്രനാണ്,​സമാധാനവുമുണ്ടെന്നും ബാരറ്റ് പറയുന്നു.

കാമറൂൺ (29)​,​ ജെസിക്ക (31)​,​ റെറ്റ (28)​,​ ഗാബി (30)​,​ ഡയാന (30)​ എന്നിവരാണ് ബാരറ്റിന്റെ ഭാര്യമാർ. പങ്കാളികൾക്ക് പരസ്പരം അറിയാമെന്നും അതു കൊണ്ട് ആരെയും വഞ്ചിക്കുന്നെന്ന് തോന്നൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാമറൂണും ജെസിക്കയും 13 വർഷം മുമ്പ് ബാരറ്റിന്റെ ജീവിതത്തിന്റെ ഭാഗമായി,​ നാല് വർഷം മുമ്പാണ് ഏറ്റവും പുതിയ പങ്കാളിയായ ഡയാനയെ വിവാഹം ചെയ്തത്. മൂത്തമകൻ ഐഡന് 12 വയസും ഏറ്റവും ഇളയയ സമ്മറിന് 11 മാസവുമാണ് പ്രായം. ആബേൽ (11)​,​ ജെസി (9)​,​ അയാൻ (6)​,​ ജെറ്റ് (5)​,​ ജെഡി (4)​,​ സോഫിയ (4)​,​ ഒക്ടോവിയ (3)​സ ബോബി (2)​,​ ക്ലിയോ (1)​ എന്നിവരാണ് മറ്റു മക്കൾ.

ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാമ്പത്തികമായി പങ്കാളികളും ബാരെറ്റിനെ സഹായിക്കുന്നുണ്ട്,​ വെസ്റ്റ് കോസ്റ്റിലെ വീട്ടിൽ ഭാര്യമാരും മക്കളുമൊത്ത് സന്തോഷ ജീവിതം നയിക്കുകയാണ് ബാരറ്റ്. പോളിഗമി നിയമവിധേയമാക്കാനാണ് തങ്ങളുടെ ആഗ്രഹമെന്നും ബാരറ്റ് പറയുന്നു.