തൊഴിലിടം സ്ത്രീ സൗഹൃദമാകണം
കൊച്ചി: ബാങ്കിംഗ് മേഖലയിലെ വനിതാജീവനക്കാർ നേരിടുന്ന മാനസിക പീഡനങ്ങൾക്ക് അറുതിവരുത്തണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) സംസ്ഥാന വനിതാ സമ്മേളനം. രാത്രി വൈകിയും ജോലി. അശാസ്ത്രീയമായി നിർണയിക്കപ്പെടുന്ന ബിസിനസ് ടാർഗറ്റുകൾ പൂർത്തിയാക്കുന്നതിനായി അവധി ദിവസങ്ങളിലും പണി. സമ്മർദ്ദം താങ്ങാനാവാതെ പലരും വിഷാദരോഗികളാവുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്നു. തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദവും സുരക്ഷിതവുമാക്കാൻ മാനേജ്‌മെന്റുകൾ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബെഫി 15-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് വനിതാസമ്മേളനം സംഘടിപ്പിച്ചത്. കെ.എസ്.ടി.എ സംസ്ഥാന സമിതിയംഗം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. മീന അദ്ധ്യക്ഷയായി. സംസ്ഥാന കൺവീനർ കെ.എസ്.രമ റിപ്പോർട്ട് അവതരിപ്പിച്ചു. ബെഫി അഖിലേന്ത്യാ കൺവീനർ കെ.കെ. രജിതമോൾ, ജോയിന്റ് സെക്രട്ടറി പി.എച്ച്. വിനിത, സ്വാഗതസംഘം കൺവീനർ പി.എം. സോന, രമ്യരാജ് എന്നിവർ സംസാരിച്ചു. വനിതാ സബ്കമ്മിറ്റി ഭാരവാഹികളായി രമ്യരാജ് (കൺവീനർ), സി.എ. റംല, പി. ഗീത, കെ.വി. ശോഭന, സോണിയ റോബിൻസൺ, ടി. സിന്ധു (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.