ജിയോ പ്ളാറ്റ്‌ഫോംസിന്റെ അറ്റാദായത്തിൽ മികച്ച വർദ്ധന

Sunday 27 April 2025 12:14 AM IST

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് മാർച്ച് പാദത്തിലെ അറ്റാദായത്തിൽ 25.7 ശതമാനം വർദ്ധന നേടി. 7022 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള ലാഭം. ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനത്തിൽ മികച്ച വളർച്ച നേടാൻ ജിയോ പ്ലാറ്റ്‌ഫോംസിന് കഴിഞ്ഞു. മുൻസാമ്പത്തിക വർഷം ഇതേ കാലയളവിൽ 5587 കോടി രൂപയുടെ ലാഭമാണ് ജിയോ പ്ലാറ്റ്‌ഫോംസ് രേഖപ്പെടുത്തിയത്. മാർച്ച് പാദത്തിൽ ശരാശരി വരുമാനം (എ.ആർ.പി.യു) 13.5 ശതമാനം വർദ്ധിച്ച് 206.2 രൂപയിലെത്തി. മുൻവർഷമിത് 181.7 രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ വരുമാനം 17.7 ശതമാനം വർദ്ധിച്ച് 33,986 കോടി രൂപയായി ഉയർന്നു. ഇതിൽ ടെലികോം സേവനവിഭാഗമായ റിലയൻസ് ജിയോയിൽ നിന്നുള്ള വരുമാനവും ഉൾപ്പെടും.