വിപണിയിൽ ക്രെഡിറ്റ് കാർഡ് തരംഗം

Sunday 27 April 2025 12:19 AM IST

ധനകാര്യ ഇടപാടുകളിൽ റെക്കാഡ് കാർഡ് ഉപയോഗം

കൊച്ചി: വിപണിയിലെ ഉപഭോഗ ഉണർവിന്റെ കരുത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം റെക്കാഡ് ഉയരത്തിലെത്തി. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ മൂല്യം മുൻവർഷത്തേക്കാൾ 15 ശതമാനം ഉയർന്ന് 21.16 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷം മാർച്ചിൽ 18.32 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് കാർഡ് ഇടപാടുകളാണുണ്ടായിരുന്നത്. നഗരങ്ങളിലും ടെക്നോളജിയിൽ താത്പര്യമുള്ള യുവാക്കൾക്കിടെയിലും ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം ഗണ്യമായി കൂടി.

ക്രെഡിറ്റ് കാർഡ് വിതരണത്തിൽ ബാങ്കുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും ഡിജിറ്റൽ ഇടപാടുകൾ കുതിച്ചുയരുന്നതും അനുകൂല ഘടകമായി. സാധനങ്ങൾ വാങ്ങിയതിന് ശേഷം പണമടക്കുന്നതിന് ഒരു മാസത്തിനടുത്ത് സാവകാശം ലഭിക്കുമെന്നതാണ് ക്രെഡിറ്റ് കാർഡുകളുടെ പ്രധാന ആകർഷണം. നോട്ടുകൾ ഉപയോഗിച്ചുള്ള വ്യാപാര ഇടപാടുകൾ കുത്തനെ കുറയുന്നുവെന്നും റിസർവ് ബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയവയുടെ ഉപയോഗത്തിലും വൻകുതിപ്പാണ് ദൃശ്യമാകുന്നത്.

മാർച്ചിൽ വൻകുതിപ്പ്

മാർച്ചിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ മൂല്യം മുൻവർഷം ഇതേകാലയളവിനേക്കാൾ 1.64 ലക്ഷം കോടി രൂപയിൽ നിന്ന് 2.02 ലക്ഷം കോടി രൂപയായി ഉയർന്നു. ഫെബ്രുവരിയിലിത് 1.68 ലക്ഷം കോടി രൂപയായിരുന്നു. വിപണിയിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം മാർച്ചിൽ 10.98 കോടിയായി ഉയർന്നു. കഴിഞ്ഞ മാസം 5.7 ലക്ഷം പുതിയ കാർഡുകളാണ് ബാങ്കുകൾ വിതരണം ചെയ്തത്.

മാർച്ചിൽ വിതരണം ചെയ്ത കാർഡുകൾ

ബാങ്ക് കാർഡുകളുടെ എണ്ണം

എച്ച്.ഡി.എഫ്.സി ബാങ്ക് 2.2 ലക്ഷം

എസ്.ബി.ഐ കാർഡ്‌സ് 1.6 ലക്ഷം

ആക്സിസ് ബാങ്ക് 1.3 ലക്ഷം

ഐ.സി.ഐ.സി.ഐ ബാങ്ക് 97,799

യു.പി.ഐയും വൻ ഹിറ്റ്

യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേയ്സ്(യു.പി.ഐ) ഉപയോഗിച്ചുള്ള ഡിജിറ്റൽ ഇടപാടുകളും ഇന്ത്യയിൽ അതിവേഗം കുതിക്കുകയാണ്. മാർച്ചിൽ മാത്രം 24.77 ലക്ഷം കോടി രൂപയുടെ 1978 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ യു.പി.ഐ ഇടപാടുകളുടെ മൂല്യം 30 ശതമാനം വർദ്ധനയോടെ 260.56 ലക്ഷം കോടി രൂപയായി.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ യു.പി.ഐ ഇടപാടുകൾ

18,585 കോടി