വിഴിഞ്ഞം തുറമുഖം സന്ദർശിച്ച് മുഖ്യമന്ത്രിയും കുടുംബവും, പുലിമുട്ടിലൂടെ നടന്നു, പ്രവർത്തനം വിലയിരുത്തി

Sunday 27 April 2025 4:20 AM IST

വിഴിഞ്ഞം (തിരുവനന്തപുരം): വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സന്ദർശനം. തുറമുഖത്തിന്റെ പ്രവർത്തനം വിലയിരുത്തി. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മകൾ വീണ, ചെറുമകൻ ഇഷാൻ എന്നിവരുമുണ്ടായിരുന്നു.

തുറമുഖ കമ്പനിയുടെ ഡോൾഫിൻ 29 എന്ന ടഗ് ബോട്ടിൽ കടലിലൂടെ യാത്ര ചെയ്ത് മുഖ്യമന്ത്രിയും കുടുംബവും തുറമുഖ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. പുലിമുട്ടിലൂടെ ഏതാനും മീറ്റർ നടന്ന് ബെർത്തിലെ കപ്പലുകൾ വീക്ഷിച്ചു. ഓപ്പറേഷൻ ആൻഡ് കൺട്രോൾ സെന്ററുകളും, യാർഡും ബർത്തും സന്ദർശിച്ചു.

കണ്ടെയ്നർ നീക്കം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രി നേരിട്ട് മനസിലാക്കി. ക്രെയിനുകളുടെ പ്രവർത്തന രീതികളും നേരിൽ കണ്ടു. തുടർന്നായിരുന്നു കടൽ യാത്ര. ബെർത്തിന് സമീപത്തു നിന്നായിരുന്നു തുടക്കം. ബെർത്തിലുണ്ടായിരുന്ന രണ്ട് കപ്പലുകൾക്ക് സമീപത്തുവരെ എത്തിയശേഷമാണ് മടങ്ങിയത്. ഇന്നലെ വൈകിട്ടോടെയാണ് മുഖ്യമന്ത്രിയും കുടുംബവും വിഴിഞ്ഞത്ത് എത്തിയത്.

മന്ത്രിമാരായ വി.എൻ.വാസവൻ,വി.ശിവൻകുട്ടി,മേയർ ആര്യാ രാജേന്ദ്രൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ.ദിവ്യ.എസ്.അയ്യർ, അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ ദിവ്യ എസ്. അയ്യർ വിശദീകരിച്ചു.