വിദേശ നാണയ ശേഖരം ഉയരുന്നു

Sunday 27 April 2025 12:26 AM IST

കൊച്ചി: ആഗോള ധനകാര്യ അനിശ്ചിതത്വങ്ങൾക്കിടെയിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരം തുടർച്ചയായി ഉയരുന്നു. തുടർച്ചയായ ഏഴാം വാരമാണ് വിദേശ നാണയ ശേഖരം കൂടുന്നത്. ഏപ്രിൽ 18ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 830 കോടി ഡോളർ വർദ്ധിച്ച് ആറ് മാസത്തെ ഉയർന്ന തലമായ 68,615 കോടി ഡോളറായി. ആറാഴ്ചയ്ക്കിടെ 3,920 കോടി ഡോളറിന്റെ വർദ്ധനയാണുണ്ടായത്. കഴിഞ്ഞ വർഷം സെപ്തംബറിൽ രേഖപ്പെടുത്തിയ 70,489 കോടി ഡോളറെന്ന റെക്കാഡ് തലത്തിലേക്ക് വിദേശ നാണയ ശേഖരം കുതിക്കുകയാണ്. സ്വർണ വിലയിലുണ്ടായ കുതിപ്പും യൂറോ, യെൻ എന്നിവയുടെ മൂല്യത്തിലെ വർദ്ധനയും അനുകൂലമായി. രൂപയുടെ മൂല്യത്തകർച്ച നേരിടാൻ റിസർവ് ബാങ്ക് വിപണിയിൽ നിന്ന് ഡോളർ വാങ്ങുന്നതാണ് വിദേശ നാണയ ശേഖരം ഉയർത്തുന്നത്.