ഐ.ടി പാർക്കുകളിലെ മദ്യശാല: 'നിയന്ത്രണം വേണം, സമ്മർദ്ദം ഒഴിവാക്കും'
കൊച്ചി: സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐ.ടി പാർക്കുകളിൽ മദ്യശാല അനുവദിച്ചതിനെ എതിർത്തും അനുകൂലിച്ചും പ്രതികരണങ്ങൾ. മദ്യപാനം ഓരോരുത്തരുടെയും താത്പര്യമാണെന്ന കാഴ്ചപ്പാടാണ് പൊതുവേയുള്ളത്. മദ്യപിച്ച ശേഷം പലർക്കും സ്വഭാവത്തിൽ പലതരത്തിൽ മാറ്റം വരാറുണ്ട്. അത് സഹപ്രവർത്തകരെയോ ജോലിയേയോ ബാധിക്കാതിരുന്നാൽ മതിയെന്ന് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നു. ഐ.ടി പാർക്കുകളിലും കൊച്ചി ഇൻഫോ പാർക്കിലും മദ്യപിക്കുന്നതിനുള്ള ലോഞ്ച് തുടങ്ങാനാണ് അനുമതി. ഐ.ടി പാർക്കുകളിലെ പ്രത്യേക കെട്ടിടത്തിലാണ് മദ്യശാല തുറക്കേണ്ടത്. ജീവനക്കാർക്ക് മാത്രമാണ് ലോഞ്ചിലേക്ക് പ്രവേശനം. കമ്പനികളിലെ ഔദ്യോഗിക അതിഥികൾക്കും മദ്യം നൽകാമെന്ന വ്യവസ്ഥയും ഉത്തരവിലുണ്ട്. 10 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. ഐ.ടി പാർക്ക് ഡെവലപ്പർക്ക് മാത്രമാണ് ലൈസൻസ് ലഭിക്കുക. 2022ലെ മദ്യനയത്തിൽ പ്രഖ്യാപിച്ചതാണെങ്കിലും മാനദണ്ഡങ്ങൾ ആവാത്തത് കാരണം തീരുമാനം നീണ്ടു പോവുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് മുമ്പ് മദ്യശാലകൾ ആരംഭിക്കാനാണ് ലക്ഷ്യം.
കമ്പനികൾക്ക് തീരുമാനിക്കാം
ജോലി സമയത്ത് ജീവനക്കാർ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട കമ്പനിയാണ് തീരുമാനിക്കേണ്ടത്. മദ്യശാലയ്ക്ക് കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഡെവലപ്പറാണ് നൽകേണ്ടത്.
ബാറുകളുടെ പ്രവർത്തന സമയമായ രാവിലെ 11 മുതൽ രാത്രി 11 വരെ ഐ.ടി പാർക്കുകളിലെ മദ്യശാലകൾക്കു പ്രവർത്തിക്കാം. ഡ്രൈ ഡേയിൽ പ്രവർത്തിക്കില്ല.
മറ്റു ലൈസൻസികളെപ്പോലെ ഐ.ടി പാർക്കുകളിലെ ലൈസൻസികൾക്കും ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണുകളിൽ നിന്ന് മദ്യം വാങ്ങി മദ്യശാലയിൽ വിതരണം ചെയ്യാം.
എക്സൈസ് വകുപ്പിലേക്ക് സർക്കാർ നിർദ്ദേശം വരുന്നത് അനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട നടപടി ആരംഭിക്കും. ഇതിനുശേഷം അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് സ്ഥലം പരിശോധിച്ച് ലൈസൻസൻസ് നൽകും
എം.എഫ്. സുരേഷ്
അസി. കമ്മിഷണർ
എക്സൈസ്
എറണാകുളം
ഐ.ടി പാർക്കിൽ മദ്യശാലകൾ ആരംഭിക്കുന്നതിൽ എതിരല്ല. മദ്യശാലകൾ ജോലി സമയത്തെ സമ്മർദ്ദം കുറയ്ക്കാനും സഹപ്രവർത്തകരുമൊത്ത് സമയം ചെലവഴിക്കാനും സഹായിക്കും. ജോലിയെ ബാധിക്കാത്ത തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണം
ഇന്ദുജ രാജ്
ഉദ്യോഗസ്ഥ
ഇൻഫോപാർക്ക്
ജോലിയിലെ സമ്മർദ്ദം പലരെയും കാര്യമായി ബാധിക്കും. തുറന്നു സംസാരിക്കുന്നതിനും സമ്മർദ്ദങ്ങൾ മറക്കാനും ഇത്തരം സംവിധാനങ്ങൾ സഹായിച്ചേക്കാം.
അരുൺ ഗോപാലകൃഷ്ണൻ
ഉദ്യോഗസ്ഥൻ
ഇൻഫോപാർക്ക്