വാട്ടർ അതോറിട്ടി കരാറുകാർക്ക് കോടികൾ കുടിശിക പണിയുണ്ട്, പണമില്ല!
കൊച്ചി: വാട്ടർ അതോറിട്ടിക്ക് വേണ്ടി അറ്റകുറ്റപ്പണികൾ നടത്തുന്ന കരാറുകാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് സംസ്ഥാന സർക്കാർ. 18 മാസത്തെ കുടിശിക തുകയിൽ മാർച്ചിൽ അനുവദിച്ചത് കേവലം ഒരു മാസത്തേതു മാത്രം. ബാക്കി തുകയിൽ ഒരു തീരുമാനവുമില്ലെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. ജൽജീവൻ മിഷൻ കരാറുകാർക്കും ഇതാണ് അവസ്ഥ. അർഹമായ സംസ്ഥാന വിഹിതം ലഭ്യമാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. 4,500 കോടിയോളം രൂപയാണ് ജൽജീവൻ മിഷൻ കരാറുകാരുടെ കുടിശിക. ഇതിൽ മാർച്ച് അവസാനത്തോടെ സർക്കാർ നൽകിയത് 500 കോടി മാത്രം. പിന്നാലെ പുതിയ ബില്ലുകൾ കൂടിയെത്തിയതോടെ കുടിശിക പഴയതിനു സമാനമായി. കരാറുകാർക്ക് 17 മാസത്തെ കുടിശിക അവശേഷിക്കുമ്പോൾ ഇതേ ജോലികൾ ചെയ്യുന്ന മറ്റൊരു വിഭാഗമായ ബ്ലൂ ബ്രിഗേഡുകാർക്ക് മുഴുവൻ തുകയും അപ്പപ്പോൾ തീർത്തു നൽകുന്നതിലും കരാറുകാർക്കിടയിൽ ഭിന്നതയുണ്ട്.
വേണ്ടത് 5,000 കോടി,
ബഡ്ജറ്റിൽ 560 കോടി
ജൽ ജീവൻ മിഷന്റെ കാലാവധി 2028 മാർച്ച് 31 വരെ ദീർഘിപ്പിച്ച സാഹചര്യത്തിൽ നിലവിലുള്ള കുടിശികയും അതിനുള്ളിൽ പൂർത്തിയാക്കേണ്ട പ്രവൃത്തികളുടെ ബിൽ തുകയും കൂടി എത്ര കോടി രൂപ വേണ്ടി വരുമെന്ന് വാട്ടർ അതോറിറ്റിയും സർക്കാരും ഇതുവരെ കണക്കാക്കിയിട്ടില്ല. സംസ്ഥാന വിഹിതമായി മാത്രം 15,000 കോടിയെങ്കിലും വേണ്ടി വരുമെന്ന് കേരളാ വാട്ടർ അതോറിട്ടി കോൺട്രാക്ടേഴ്സ് അസോസിയേഷൻ പറയുന്നു. ഓരോ സാമ്പത്തിക വർഷവും 5,000 കോടിയെങ്കിലും വീതം സംസ്ഥാന സർക്കാർ ചെലവഴിക്കണം. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വിഹിതം 560 കോടി മാത്രമാണ്.
തുക കിട്ടിയാലേ
പണിക്ക് വേഗം കൂട്ടൂ
കരാറുകാർ പണി നിറുത്തിവയ്ക്കൽ സമരം പിൻവലിച്ചെങ്കിലും പല കരാറുകാർക്കും പണികൾ പുനരാരംഭിക്കാനായിട്ടില്ല. നടന്നുകൊണ്ടിരിക്കുന്ന പണികൾക്ക് ഒച്ചിഴയും വേഗവും. ജോലിക്ക് വേഗത പോരെന്ന് പറഞ്ഞ് വാട്ടർ അതോറിട്ടി ഇടയ്ക്കിടെ നോട്ടീസ് നൽകുന്നുണ്ടെങ്കിലും കുടിശിക കിട്ടിയാലേ വേഗത്തിലാകൂ എന്ന നിലപാടിലാണ് കരാറുകാർ.