വൃദ്ധയുടെ മാലപൊട്ടിച്ചു കടന്ന യുവാവ് പിടിയിൽ

Sunday 27 April 2025 12:32 AM IST
അനൂപ്

പത്തനംതിട്ട : വൃദ്ധയുടെ രണ്ടുപവന്റെ സ്വർണ്ണമാല കഴുത്തിൽ നിന്ന് പൊട്ടിച്ചോടിയ, നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കൂടൽ പൊലീസ് പിടികൂടി. കൂടൽ കഞ്ചോട് പുത്തൻപുര കിഴക്കേതിൽ മേരിക്കുട്ടി മാത്യു (76) വിന്റെ മാല കവർന്ന കലഞ്ഞൂർ കഞ്ചോട് പുത്തൻ വീട്ടിൽ എസ്.അനൂപ് (22) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 9.30 ന് കുളിക്കാനായി ചൂടുവെള്ളവുമായി അടുക്കളവാതിലിലൂടെ മേരിക്കുട്ടി പുറത്തേക്കിറങ്ങുമ്പോഴാണ് അയൽവാസിയായ അനൂപ് കവർച്ച നടത്തിയത്. മേരിക്കുട്ടിയുടെ ഇടതു ചെള്ളയ്ക്ക് അടിച്ചശേഷമായിരുന്നു മാല പൊട്ടിച്ചത്. പിടിവലിക്കിടയിൽ ചൂടുവെള്ളം ഇവരുടെ കൈകാലുകളിലും ദേഹത്തും വീണു പൊള്ളലേറ്റു. മാല പൊട്ടിച്ചെടുത്തപ്പോൾ കഴുത്തിന്റെ ഇടതുവശത്ത് മോഷ്ടാവിന്റെ നഖം കൊണ്ട് മുറിയുകയും ചെയ്തു. പ്രതിയുടെ ദേഹത്തും ചൂടുവെള്ളം വീണു പൊള്ളലുണ്ടായി. വീട്ടമ്മയുടെ നിലവിളി കേട്ട് ഭർത്താവും അയൽവാസികളും ഓടിക്കൂടിയെങ്കിൽ പ്രതി കടന്നുകളഞ്ഞു. പൊള്ളലേറ്റതിനാലും കഴുത്തിൽ മുറിവ് ഉണ്ടായതിനാലും മേരിക്കുട്ടിയെ പത്തനാപുരത്തെ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ ആർ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ മോഷ്ടാവിനെ പിടികൂടി. സി.പി.ഓമാരായ പ്രവീൺ, ടെന്നിസൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.