പ്രചാരണം തെറ്റെന്ന് ടി.വീണ, ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയെന്ന് മൊഴി നൽകിയിട്ടില്ല

Sunday 27 April 2025 4:32 AM IST

കൊച്ചി: കരാർ പ്രകാരം സേവനം നൽകാതെ സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (എസ്.എഫ്.ഐ.ഒ) താൻ മൊഴിനൽകിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് എക്സാലോജിക് സൊല്യൂഷൻസ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുമായ ടി.വീണ വാർത്താകുറിപ്പിൽ അറിയിച്ചു.ഇത്തരത്തിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് വീണയുടെ വിശദീകരണം.

'ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല.
ഞാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ, ഞാനോ എക്സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സി.എം.ആർ.എല്ലിൽ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കൽകൂടി വ്യക്തമാക്കുന്നു'--വീണ അറിയിച്ചു.

സേവനം നൽകാതെയാണ് പണം വാങ്ങിയതെന്ന മൊഴി ഉണ്ടെന്നത് വ്യാജ വാർത്തയെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. 'അസത്യമായ വാർത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നൽകിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ നിന്ന് എഴുതി കൊടുക്കുന്നത് അതുപോലെ വാർത്തയാക്കുന്ന സ്ഥിതി വന്നാൽ പ്രത്യേകിച്ച് മറുപടി പറയാനില്ല. വാർത്ത നൽകുന്നവർക്ക് എന്തും നൽകാമല്ലോ. മറ്റുകാര്യങ്ങളെല്ലാം കോടതിയിലുളളതാണ്. ആ വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല'- മന്ത്രി പറഞ്ഞു.

സി.എം.ആർ.എല്ലിൽ നിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് ഇല്ലാത്ത സേവനത്തിന് പ്രതിഫലം പറ്റിയെന്ന് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിലാണ് പരാമർശിച്ചിരുന്നത്. തുടർന്ന് പരാതികളുടെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ.ഒ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ സി.എം.ആൽ.എല്ലിന്റെ ഹർജിയിൽ, കേസിന്റെ തുടർനടപടികൾ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനിടയിലാണ് പ്രധാന ആരോപണത്തെ സാധൂകരിക്കുംവിധം വീണ മൊഴി നൽകിയിരുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.