ചരിത്രകാരൻ എം.ജി.എസ്. നാരായണൻ വിടവാങ്ങി

Sunday 27 April 2025 4:53 AM IST

കോഴിക്കോട്: ചരിത്ര രചനയിലും രാഷ്ട്രീയനിരീക്ഷണത്തിലും നവീന ഭാവുകത്വം സൃഷ്ടിച്ച ഡോ. എം.ജി.എസ്. നാരായണൻ ഓർമ്മയായി. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിൽ ഇന്നലെ രാവിലെ 9.50 ഓടെയായിരുന്നു അന്ത്യം. 93 വയസായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മേധാവി, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മെമ്പർ സെക്രട്ടറി, അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചരിത്രരചനയിൽ നിലപാടുകളുടെ ഉരുക്കുതറ സൂക്ഷിച്ച എം.ജി.എസ് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് നാലുമണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു.

പൊന്നാനി കരുമത്തിൽ പുത്തൻവീട്ടിൽ കെ.പി.ജി. മേനോന്റെയും പരപ്പനങ്ങാടി വെണ്ണക്കോട് മുറ്റായിൽ നാരായണി അമ്മയുടെയും മകനായി 1932 ആഗസ്റ്റ് 20 ന് ജനനം.

1953 ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി. 1968 ൽ കാലിക്കറ്റ് സർവകലാശാലയിൽ ചരിത്രവിഭാഗം അദ്ധ്യാപകനായി. യു.ജി.സി ചരിത്ര പാനൽ മെമ്പ‌ർ, കേരള സ്റ്റേറ്റ് ആർക്കൈവ്‌സ് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങൾ, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ, സെക്കുലർ ജാതിയും സെക്കുലർ മതവും, ജനാധിപത്യവും കമ്മ്യൂണിസവും എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങൾ. ദേശീയ അന്തർദേശീയ ജേർണലുകളിലായി 112 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: സി.എം.പ്രേമലത. മക്കൾ: വിനയ മനോജ് (മോഹിനിയാട്ടം നർത്തകി, ബംഗളൂരു), വിജയകുമാർ (റിട്ട.എയർഫോഴ്‌സ്). മരുമക്കൾ: മനോജ് (ഐ.ടി), ദുർഗ കല്ലടത്തൂർ. ചരിത്രപണ്ഡിതൻ ഡോ. എം. ഗംഗാധരൻ എം.ജി.എസിന്റെ അമ്മാവനാണ്.