ആർക്കും വിധേയനാകാത്ത ചരിത്രകാരൻ

Sunday 27 April 2025 2:24 AM IST

ചരിത്രത്തോടൊപ്പം കവിതയെയും സാഹിത്യത്തെയും അത്രമേൽ സ്നേഹിച്ച സഹൃദയനായിരുന്നു എം.ജി.എസ്. സാധാരണ ചരിത്രകാരന്മാരിൽ കാണാത്തൊരു ഭാവുകത്വം അദ്ദേഹം കാത്തുസൂക്ഷിച്ചു. ഇടശ്ശേരി കവിതയുടെ അവതാരിക എഴുതിയ ആളായാണ് ആദ്യമായി എം.ജി.എസിനെ അറിയുന്നത്. മഹാനായ ഇടശ്ശേരി തന്റെ കവിതാസമാഹാരത്തിന് അവതാരിക എഴുതാനായി അന്ന് ചെറുപ്പക്കാരനായ എം.ജി.എസിനെ തിരഞ്ഞെടുത്തു എന്നതിൽ നിന്ന് എം.ജി.എസിന്റെ സാഹിത്യവാസനയും അറിവും അതിന്റെ വ്യാപ്തിയും വ്യക്തമാകും. കവിതയുടെ വിശകലനശേഷികൊണ്ടും ഉൾക്കാഴ്ച കൊണ്ടും വ്യത്യസ്തമായിരുന്നു ആ അവതാരിക.

സുലഭമായ ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അദ്ദേഹം ചരിത്രത്തെ നിർവചിച്ചത്. തന്റെ പ്രവർത്തനമേഖലയോട് അത്രമേൽ ആത്മാർത്ഥത അദ്ദേഹം കാത്തുപോന്നു. മുഖ്യധാരാ ചരിത്രകാരന്മാരുടെ ആശ്ചര്യബോധത്തിൽ നിന്ന് മുക്തനായിരുന്നു അദ്ദേഹം. രാജ്യത്തെ മികച്ച ചരിത്രകാരന്മാരിൽ ഒരാളായിരുന്നു എം.ജി.എസ്. കേരളം കണ്ട ഏറ്റവും മികച്ച ചരിത്രാദ്ധ്യാപകൻ. ചരിത്രം മാത്രമല്ല, സമസ്ത മേഖലകളെക്കുറിച്ചും അഗാധമായ പാണ്ഡിത്യവും ഇവയിലെല്ലാം സ്വന്തമായ അഭിപ്രായവും അദ്ദേഹം എന്നും സൂക്ഷിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ മുഖ്യധാരയോട് സമരസപ്പെടാതെ ഒരു പ്രതിഭാശാലിക്ക് നിലനിന്നു പോകാനാവില്ല എന്നോർക്കണം. എങ്കിലും അവസാനകാലം വരെ ആർക്കും വിധേയപ്പെട്ട് നിൽക്കാനോ, സമരസപ്പെട്ട് പോകാനോ എം.ജി.എസ്

തയ്യാറായില്ല. ഏത് വിഷയമാണെങ്കിലും അവയെക്കുറിച്ച് ആഴത്തിൽ മനസിലാക്കി സംസാരിക്കുന്ന സംഭാഷകനായിരുന്നു അദ്ദേഹം.

മാർക്സിയൻ രീതിശാസ്ത്രത്തോട് അനുഭാവമുണ്ടായിരുന്നെങ്കിലും അദ്ദേഹം ഒരു മാർക്സിസ്റ്റ് ആയിരുന്നില്ല. പ്രായമായിട്ടും തെല്ലും തളരാതെ സമകാലിക രാഷ്ട്രീയ വിഷയങ്ങളെ അദ്ദേഹം നിരന്തരം വീക്ഷിച്ചിരുന്നു. എം.ജി.എസിന്റെ വേർപാടിലൂടെ മലയാളത്തിന് നഷ്ടമാകുന്നത് ഒരു സ്വതന്ത്ര ബുദ്ധിജീവിയെയും സമൂഹത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും അറിവുള്ള മഹാ ചരിത്രകാരനെയുമാണ്.