കൊന്നക്കൽ കടവിലെ മുനിയറകൾ സംരക്ഷിക്കാൻ നടപടിയായില്ല

Sunday 27 April 2025 1:25 AM IST
കൊന്നക്കൽകടവിലെ മുനിയറകളിലൊന്ന്‌.

 മഹാശിലായുഗത്തിന്റെ തിരുശേഷിപ്പ്

വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊന്നക്കൽ കടവിലെ മുനിയറകൾ സംരക്ഷിക്കാൻ നടപടിയായില്ല. മഹാശിലായുഗ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടവയാണ് മുനിയറകൾ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ തിരുശേഷിപ്പുകളെക്കുറിച്ച് പഠിക്കാൻ പാലക്കാട് വിക്ടോറിയ കോളേജ് ചരിത്ര വിഭാഗം മേധാവി പ്രൊഫ. കെ.രാജൻ വ്യാഴാഴ്ച്ച കൊന്നക്കൽ കടവിലെ മുനിയറകൾ സന്ദർശിച്ചു. ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള മുനിയറകൾ ഇന്ന് സംരക്ഷണമില്ലാതെ നശിക്കുകയാണ്.

കൊന്നക്കൽക്കടവ്, പാലക്കുഴി എന്നിവിടങ്ങളിൽ നൂറു കണക്കിന് മുനിയറകളുണ്ട്. എന്നാൽ ഇന്ന് ഇതിൽ പകുതിയിലേറെ നശിച്ചു കഴിഞ്ഞു. ഇപ്പോൾ കുറച്ചു മാത്രമാണ് അവശേഷിക്കുന്നത്. മുനികൾ താമസിച്ചിരുന്ന സ്ഥലമായിട്ടാണ് പണ്ടുള്ളവർ മുനിയറയെ കണ്ടിരുന്നത്. 1975ൽ ചരിത്ര ഗവേഷകർ ഈ വാദം ശരിയല്ലെന്ന് കണ്ടെത്തി. മഹാശിലായുഗ കാലത്തെ ഗോത്രതലവന്മാരെ സംസ്‌കരിച്ചിരുന്ന സ്ഥമാണ് മുനിയറകളെന്ന് പുരാവസ്തു വകുപ്പ് അഭിപ്രായപ്പെടുന്നു. എന്നാൽ ഈ മുനിയറകളൊന്നും മൃതദേഹങ്ങൾ നേരിട്ട് സംസ്‌കരിച്ച സ്ഥലങ്ങളല്ല. സംസ്‌കാരം കഴിഞ്ഞ ശേഷം അവശിഷ്ടങ്ങൾ കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന രണ്ടാംഘട്ട സ്മൃതി കുടിരങ്ങളാണ് ഇവ. ബി.സി ആയിരത്തിനും എ.ഡി അഞ്ഞൂറിനും ഇടയിലുള്ള നിർമ്മിതികളാണ് ഇവയെന്നാണ് ചരിത്ര പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.