ഡിജിറ്റൽ ഭൂസർവേ; ഒന്നാംഘട്ടം പൂർത്തിയായിട്ടും ഓൺലൈൻ സേവനം അകലെ
മലപ്പുറം: ഭൂമി സംബന്ധമായ വിവരങ്ങൾ കൃത്യവും സുതാര്യവുമാക്കുന്ന ഡിജിറ്റൽ ഭൂസർവേ ജില്ലയിൽ 18 വില്ലേജുകളിൽ പൂർത്തിയാക്കിയെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കാൻ ഇനിയും സമയമെടുക്കും. സർവേ രേഖകൾ റവവ്യൂ വകുപ്പിന് കൈമാറുന്ന പ്രവൃത്തി പൂർത്തിയായിട്ടില്ല. ഇതിനു ശേഷമേ റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ ഭൂസംബന്ധമായ വിവിധ സേവനങ്ങൾ 'എന്റെ ഭൂമി' വെബ് പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാവൂ. പൂർത്തിയാക്കിയ വില്ലേജുകളിൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ നിർദ്ദേശമുണ്ടെങ്കിലും ഇതു സംബന്ധിച്ച നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നിട്ടില്ല. 2022 നവംബറിലാണ് ജില്ലയിൽ ഡിജിറ്റൽ ഭൂ സർവേ ആരംഭിച്ചത്. ജില്ലയിലെ 137 വില്ലേജുകളിൽ പതിനെട്ടിടത്താണ് ആദ്യഘട്ട സർവേ പൂർത്തിയാക്കിയത്. ഒരുവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ഡിജിറ്റൽ ഭൂസർവേയ്ക്ക് രണ്ടര വർഷത്തോളം വേണ്ടിവന്നു. രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട ഏറനാട് താലൂക്കിൽ പാണക്കാട്, പൊന്നാനി താലൂക്കിലെ ഈഴുവത്തിരുത്തി എന്നീ വില്ലേജുകളുടെ ഡിജിറ്റൽ സർവെ മാത്രമാണ് പൂർത്തിയാക്കിയത്. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികൾ കൂടി തീർപ്പാക്കിയ ശേഷം രേഖകൾ അന്തിമമാക്കി റവന്യൂ ഭരണത്തിന് കൈമാറും. രണ്ടാംഘട്ടം 2023 നവംബറിൽ ആരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം ഒന്നാം ഘട്ടം വൈകിയത് തിരിച്ചടിയായി.
ഓഫീസുകൾ കയറിയിറങ്ങേണ്ട
ഡിജിറ്റൽ ഭൂസർവേ പൂർത്തിയാവുന്നതോടെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനാവും. രജിസ്ട്രേഷൻ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിങ്ങനെ വിവിധ ഓഫീസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും. വസ്തുക്കളുടെ പോക്കുവരവ് വേഗത്തിലാവും. അപേക്ഷകൾ ഓൺലൈനായി കൊടുക്കാനും ഓൺലൈനായി പരിഹരിക്കാനും സാധിക്കും. ഭൂമിയുടെ കൈമാറ്റം, രജിസ്ട്രേഷൻ, പ്രീമ്യൂട്ടേഷൻ സ്കെച്ച്, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, ന്യായ വില നിർണ്ണയം, ലൊക്കേഷൻ സ്കെച്ച്, ഭൂമിയുടെ തരം മാറ്റം എന്നിവ ഓൺലൈൻ വഴി ലഭ്യമാവും.