കണ്ണൂർ സർവകലാശാല പരീക്ഷാ നടത്തിപ്പിൽ വീണ്ടും വീഴ്ച: വിദ്യാർത്ഥികൾക്ക് നൽകാൻ ചോദ്യക്കടലാസ് ഇല്ല

Sunday 27 April 2025 1:58 AM IST

പരീക്ഷ മാറ്റിവച്ചു

കണ്ണൂർ: പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് വാട്ട്സാപ്പിലൂടെ ചോദ്യങ്ങൾ പുറത്തായതിന് പിന്നാലെ കണ്ണൂർ സർവകലാശാലയിൽ വീണ്ടും പരീക്ഷാ ക്രമക്കേട്. ഇന്നലെ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് നൽകാൻ ചോദ്യക്കടലാസ് ഇല്ലാത്തതിന്റെ പേരിൽ പരീക്ഷകൾ മാറ്റിവച്ചു. പുതുതായി ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ചോദ്യപേപ്പറാണ് സർവകലാശാലയിൽ നിന്ന് ലഭിക്കാതെപോയത്. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് കോളേജ് പ്രിൻസിപ്പൽ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് വിദ്യാർത്ഥികൾക്ക് നൽകണം. വിദ്യാർത്ഥികൾക്ക് ഉത്തരമെഴുതേണ്ട പേപ്പറുകൾ നൽകി ഒരു മണിക്കൂർ കഴിഞ്ഞിട്ടും ചോദ്യകടലാസ് എത്തിയില്ല. സർവകലാശാല നേരത്തെ വിജ്ഞാപനം ചെയ്ത പ്രകാരമാണ് പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ മാറ്റിവെച്ചതായ മെയിൽ മാത്രമാണ് പത്തുമണി കഴിഞ്ഞപ്പോൾ പരീക്ഷ കൺട്രോളറുടെ പി.എയുടെ അറിയിപ്പായി വന്നത്. സാധാരണ പരീക്ഷ മാറ്റി വയ്ക്കുമ്പോൾ പരീക്ഷാകൺട്രോളറുടെ വിജ്ഞാപനം സർവകലാശാലയ്ക്ക് ലഭിക്കാറുണ്ട്.

പ്രതിഷേധിച്ചു

കണ്ണൂർ സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടാകുന്ന നിരുത്തരവാദപരമായ സമീപനത്തിൽ കെ.പി.സി.ടി.എ കണ്ണൂർ മേഖലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.