ഫർണി​ച്ചർ-ഇലക്ട്രോണി​ക്സ് കടയി​ൽ തീപി​ടി​ത്തം; രണ്ടരക്കോടി​യുടെ നഷ്ടം

Sunday 27 April 2025 12:36 AM IST

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഫെഡറൽ ബാങ്കിന് സമീപം കൈതക്കാട് സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ഇലക്ട്രോണിക്സ് ആൻഡ് ഫർണിച്ചറി​ൽ വൻ തീപി​ടി​ത്തം. രണ്ടര കോടി​യുടെ സാധനങ്ങൾ കത്തി​നശി​ച്ചു. ഉടമയും ജീവനക്കാരും പുറത്തേക്ക് ഓടി​യി​റങ്ങി​യതി​നാൽ ദുരന്തമൊഴി​വായി​. ഗോഡൗൺ​ ഭാഗത്ത് സ്ഫോടന ശബ്ദത്തോടെയാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമി​ക നി​ഗമനം.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്ഥാപനത്തോട് ചേർന്നുള്ള മറ്റൊരു കടയും അഗ്നിക്കിരയായി. ഇതിന് സമീപത്താണ് ഫെഡറൽ ബാങ്ക് പ്രവർത്തി​ക്കുന്നത്. ബാങ്ക് ജീവനക്കാരും സുരക്ഷിത ഭാഗത്തേക്ക്‌ മാറി. വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും വി​ച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുളത്തൂപ്പുഴ ടൗണി​ലാകെ പുകപടലം നി​റഞ്ഞു. ഇതോടെ കുളത്തൂപ്പുഴ പൊലീസി​ന്റെ നേതൃത്വത്തി​ൽ ഗതാഗതം തടഞ്ഞു. പുനലൂരി​ൽ നി​ന്ന് ഫയർഫോഴ്‌സ് യൂണിറ്റുകളെത്താൻ ഒരു മണി​ക്കൂറോളം വേണ്ടി​വന്നു. അപ്പോഴേക്കും കട പൂർണമായും കത്തി നശിച്ചു. മുന്നി​ൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും തീയി​ൽപ്പെട്ടു. പുനലൂർ ഡി​വൈ.എസ്.പി പ്രദീപ് കുമാർ, കുളത്തൂപ്പുഴ എസ്.എച്ച്.ഒ അനീഷ്, സബ് ഇൻസ്‌പെക്ടർ ഷാജഹാൻ മുഹമ്മദ്‌, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി.ലൈല ബീവി, പുനലൂർ ഫയർ ഫോഴ്‌സ് ഇൻസ്‌പെക്ടർ ഗിരീഷ് തുടങ്ങി​യവരുടെ നേതൃത്വത്തി​ൽ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.