പത്തനംതിട്ട കിൻഫ്ര പാർക്കിൽ നൂതന സംരംഭം പാഴായ പ്ലാസ്റ്റിക്കിന് ഇവിടെ പുതുമോടി

Sunday 27 April 2025 12:40 AM IST

 സർക്കാർ തലത്തിൽ ആദ്യ സംസ്‌കരണ ഫാക്ടറി

പത്തനംതിട്ട: പാഴായ പ്ലാസ്റ്റിക് ഇനി 'തലവേദന"യാവില്ല. പുതുമോടിയിൽ അവ ഉപയോഗിക്കാം. ഹരിതകർമ്മ സേന വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്,​ പുനരുപയോഗപ്രദമായ ഉത്പന്നങ്ങളാക്കുന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് പത്തനംതിട്ട കുന്നന്താനം കിൻഫ്ര പാർക്ക്. ജില്ലാ പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും ചേർന്ന് എട്ടുകോടി രൂപ ചെലവിലാണ് സംരംഭം ആവിഷ്കരിച്ചത്. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നിർമ്മിച്ച സംസ്ഥാനത്തെ ആദ്യ പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്‌കരണ ഫാക്ടറിയാണിത്.

പദ്ധതിയുടെ ആദ്യഘട്ടമായി ഇവിടെ ഗ്രാന്യൂൾസ് തയ്യാറാക്കിവരുന്നു. ഇവ ഉപയോഗിച്ച് സർക്കാർ ഓഫീസുകളിലേക്കുൾപ്പെടെ വേണ്ട പ്ലാസ്റ്റിക് ഉപകരണങ്ങൾ നിർ‌മ്മിക്കും. പുനരുപയോഗിക്കാനാകുന്ന നാല് ടൺ പ്ലാസ്റ്റിക്കാണ് ദിവസവും പത്തനംതിട്ടയിൽ ലഭിക്കുന്നത്. നാല് ടണ്ണിൽ നിന്ന് 3.45 ടൺ ഗ്രാന്യൂൾസ് ലഭിക്കും. കഴിഞ്ഞ ജനുവരി പത്തിനാണ് പദ്ധതി ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ നിർമ്മിച്ചെങ്കിലും വിപണനം തുടങ്ങിയിട്ടില്ല. പദ്ധതി വ്യാപകമാകുന്നതോടെ പ്ളാസ്റ്റിക് മാലിന്യം മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് പരിഹാരമാകും. 2022-23 സാമ്പത്തിക വർഷം 30,​444 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് സംസ്ഥാനത്ത് നിന്ന് ക്ലീൻ കേരള കമ്പനി ശേഖരിച്ചത്. 2023-2024 ൽ ഇത് 4,​77548 ടണ്ണായി. ഈ സാമ്പത്തിക വർഷം ഇതുവരെ 6,​1682 ടണ്ണും.

ഗ്രാന്യൂൾസ് വില്പനയ്ക്കും

പ്ലാസ്റ്റിക് ശുദ്ധീകരിച്ച് നിറം നൽകി ഉരുക്കിയെടുത്ത് ചെറിയ തരികളാക്കി മാറ്റുന്നതാണ് ഗ്രാന്യൂൾസ്. ഇതിനായി യന്ത്രങ്ങളുണ്ട്. കുന്നന്താനം പാർക്കിൽ ഇതുവരെ 100 ടൺ പ്ലാസ്റ്റിക് മാലിന്യം ഗ്രാന്യൂൾസാക്കി. വ്യാവസായിക ആവശ്യത്തിനായി പുറത്തുനിന്നുള്ളവർക്ക് ഇവിടെ നിന്ന് ഗ്രാന്യൂൾസ് വാങ്ങാം.

എല്ലായിടത്തേക്കും പദ്ധതി വ്യാപിപ്പിക്കും. കാസർകോട് ഫാക്ടറി പണിയാനുള്ള നടപടിയാരംഭിച്ചിട്ടുണ്ട്. സംസ്കരിക്കാനാകാത്ത പ്ളാസ്റ്റിക് ഉത്പന്നങ്ങൾ സിമന്റ് ഫാക്ടറിയിൽ കൽക്കരിക്ക് പകരം ഉപയോഗിക്കും.

-എം.ബി ദിലീപ്

മാനേജർ,​

ക്ലീൻ കേരള പത്തനംതിട്ട