ലോകബാങ്ക്  തന്ന  140  കോടി സർക്കാർ  വകമാറ്റി 

Sunday 27 April 2025 12:45 AM IST

തിരുവനന്തപുരം: കാർഷിക മേഖലയിലെ നവീകരണ പദ്ധതിയായ "കേര"നടപ്പാക്കാൻ ലോകബാങ്ക് നൽകിയ 140കോടിരൂപ സംസ്ഥാനസർക്കാർ വകമാറ്റി ചെലവാക്കിയെന്ന് ആക്ഷേപം. ലോകബാങ്ക് പണം നൽകിയാൽ ഒരാഴ്ചക്കുള്ളിൽ പദ്ധതി നടപ്പാക്കുന്നവരുടെ അക്കൗണ്ടിലേക്ക് മാറ്റിയിരിക്കണമെന്നാണ് വ്യവസ്ഥ. മാർച്ച് 17ന് നൽകിയ 140കോടിരൂപ അതു പ്രകാരം കൈമാറിയില്ല. സാമ്പത്തിക വർഷാവസാനമായതിനാൽ മറ്റ് കാര്യങ്ങൾക്ക് ചെലവാക്കുകയായിരുന്നു. വാങ്ങിയ തുക വിനിയോഗിച്ച് പദ്ധതി എത്രത്തോളം നടപ്പാക്കി എന്നറിയാൻ

മേയ് 5ന് ലോകബാങ്ക് പ്രതിനിധികൾ എത്തുന്നുണ്ട്.

അവർക്ക് മുന്നിൽ എന്തു മുടന്തൻ ന്യായം നിരത്തുമെന്ന് കണ്ടറിയണം. ബാക്കി 1516 കോടി രൂപകൂടി ലോക ബാങ്കിൽ നിന്ന് കിട്ടനുള്ളതാണ്.

പ്രളയമടക്കമുളള പ്രകൃതിദുരന്തങ്ങളുണ്ടാകുന്നത് തടയാനും

കാലാവസ്ഥ വ്യതിയാനം ചെറുക്കാനും മൂല്യവർധിത കാർഷിക ഉത്പന്നങ്ങളും ചെറുകിട സ്വകാര്യ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേനൈസേഷൻ പ്രൊജക്ട് എന്ന "കേര".

2366 കോടി രൂപയാണിതിന്റെ മൊത്തം ചെലവ്. ഇതിൽ 1656കോടിരൂപയാണ് ലോകബാങ്ക് വായ്പ.ബാക്കി 710 കോടി സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നെടുക്കും. മാർച്ച് 17നാണ് ലോകബാങ്ക് ആദ്യ ഗഡു ആയി 139.66 കോടി കൈമാറിയത്.അതാണ് വകമാറ്റിയത്.

ഫെബ്രുവരി മൂന്നിന് കേര പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് ലോകബാങ്കിനെ അറിയിച്ചിരുന്നത്. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനാണ് സർക്കാർ നീക്കം. നാല് ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും സഹയം ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

``മാർച്ച് 17ന് കിട്ടിയ തുക കൈമാറാൻ വൈകിയത് സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ്. കഴിഞ്ഞ ദിവസങ്ങളിൽ അത് നിർദ്ദിഷ്ട അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്. അതിന്റെ പേരിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല.``

-കെ.എൻ.ബാലഗോപാൽ,

സംസ്ഥാന ധനമന്ത്രി