സി.പി.എം സംസ്ഥാന കമ്മിറ്റി; വി.എസ് പ്രത്യേക ക്ഷണിതാവ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കി. മുതിർന്ന നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വൻ, എ.കെ.ബാലൻ, എം.എം.മണി, കെ.ജെ.തോമസ്, പി.കരുണാകരൻ, ആനാവൂർ നാഗപ്പൻ എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ്.
കഴിഞ്ഞ കൊല്ലം സമ്മേളനത്തിൽ 75 വയസ് പ്രായപരിധിയെ തുടർന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായവരാണ് എ.കെ.ബാലനും ആനാവൂർ നാഗപ്പനും. ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. മന്ത്രി വീണാ ജോർജ് മാത്രമാണ് 89 അംഗ സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ്.
കൊല്ലം സമ്മേളനത്തിൽ വി.എസ്.അച്യുതാനന്ദനെ ക്ഷണിതാവ് പട്ടികയിൽ ഉൾപ്പെടുത്താത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. പാർട്ടി കോൺഗ്രസിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അന്ന് വ്യക്തമാക്കിയിരുന്നു.
സംഘടനാ ചുമതലകൾ
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സംഘടനാ ചുമതലകളും തീരുമാനിച്ചു. എറണാകുളത്ത് നിന്നുള്ള സി.എൻ. മോഹനനാണ് ഡി.വൈ.എഫ്.ഐയുടെ ചുമതല. എസ്.എഫ്.ഐയുടെ ചുമതല എം.വി.ജയരാജന്.