സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം ആക്രമണമെന്ന് ശോഭാ സുരേന്ദ്രൻ, ദുരൂഹതയില്ലെന്ന് പൊലീസ്
തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. വിഷുവിനും ഈസ്റ്ററിനും പൊട്ടിച്ചതിന്റെ ബാക്കി പടക്കം സമീപത്തുള്ള യുവാക്കൾ ചേർന്ന് പൊട്ടിച്ചതാണെന്നും പൊലീസ് പറഞ്ഞു. വെസ്റ്റ് പൊലീസ് ഇവരെ ചോദ്യം ചെയ്തു. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് കേസെടുത്തശേഷം വിട്ടയച്ചു.
വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് അയ്യന്തോൾ ഗ്രൗണ്ടിനടുത്തുള്ള ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സംഭവം നടന്നയുടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അതേസമയം, വീടിന് മുന്നിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം തനിക്കുനേരെ നടത്തിയ ആക്രമണമായാണ് കാണുന്നതെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
സംഭവത്തിന് പിന്നിൽ ആരാണെങ്കിലും പുറത്തുകൊണ്ടുവരണം. രാത്രിയിൽ തന്റെ വെള്ള കാർ പുറത്തേക്ക് പോയിരുന്നു. പോർച്ചിൽ വെള്ള കാർ കിടക്കുന്ന വീടെന്നായിരിക്കാം അക്രമികൾക്ക് ലഭിച്ച നിർദ്ദേശം. അതുകൊണ്ടാകാം എതിർവശത്തെ വീടിനു നേരെ ആക്രമണം നടന്നത്. കാശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.