ഇന്ത്യ വിടണമെന്ന ഉത്തരവ് കിട്ടിയ അങ്കലാപ്പിൽ ഹംസ

Sunday 27 April 2025 1:15 AM IST

കൊയിലാണ്ടി: ഈ മാസം 27നകം ഇന്ത്യ വിടണമെന്ന ഉത്തരവ് കിട്ടിയതിന്റെ അമ്പരമ്പിൽ 79കാരനായ കൊയിലാണ്ടി പുത്തൻപുര വളപ്പിൽ ഹംസ.

സാങ്കേതികമായി പാകിസ്ഥാൻ പൗരനാണ് ഹംസ. ബൈപ്പാസ് ഓപ്പറേഷന് വിധേയനായി ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന ഹംസ 2007മുതൽ കൊയിലാണ്ടിയിൽ സ്ഥിര താമസമാണ്. പൗരത്വം തിരുത്താനുള്ള അപേക്ഷ നൽകിയിട്ട് വർഷങ്ങളായി. കൊയിലാണ്ടിയിൽ ജനിച്ച ഹംസ 1972ൽ ധാക്ക വഴി കറാച്ചിയിലേക്ക് പോയതാണ് . സഹോദരനും അവിടെയായിരുന്നു. ചായക്കടയിലും മറ്റും തൊഴിലെടുത്തു. 1975ൽ റെഡ് ക്രോസ് വിസയിൽ നാട്ടിൽ വന്നു. പിന്നീട് പല തവണ വന്നിരുന്നു. കൊയിലാണ്ടി മാപ്പിള സ്കൂളിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റുണ്ട്. നാട്ടിൽ വരാൻ വേണ്ടിയാണ് പാകിസ്ഥാൻ പാസ്പോർട്ട് എടുത്തത്. നാട്ടിൽ നിൽക്കാനുള്ള താത്ക്കാലിക അനുമതി നീട്ടി വാങ്ങിയാണ് ഇത്രയും കാലം കഴിഞ്ഞത്. ആധാർകാർഡും ഇലക്ഷൻ ഐ.ഡി കാർഡും എടുത്തിരുന്നു. പിന്നീടത് റദ്ദു ചെയ്തു. അതിന്റെ കേസ് നടക്കുകയാണ്. ഇടക്കാല ഉത്തരവിൽ ഹംസയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ പൊലീസിന് മുന്നിൽ ഹാജരാവണം. പാസ്പോർട്ട് പൊലീസിന്റെ കൈയിലാണ്. പാകിസ്ഥാനിൽ ആരുമായും ബന്ധമില്ല. ജ്യേഷ്ഠൻ അവിടെ മരിച്ചു. ഭാര്യ ഫാത്തിമ. നാലു മക്കളാണ്. ഒരാണും മൂന്നു പെണ്ണും. മകൻ ദുബായിലാണ് . കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നുള്ള നടപടി ഏത് തരത്തിലാണെന്ന് വ്യക്തതയില്ലെന്ന് ഹംസ പറഞ്ഞു. ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. നടപടി ക്രമങ്ങളുടെ ഭാഗമായാണ് നോട്ടീസ് നൽകിയതെന്ന് പൊലീസ് പറഞ്ഞു.