പി. രാജുവിന്റെ മരണം വിവാദമാക്കിയത് ഇസ്മയിൽ പക്ഷം; നടപടിക്ക് ശുപാർശ

Sunday 27 April 2025 1:18 AM IST

17 നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കും

കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.ഐ നേതാവും പറവൂർ മുൻ എം.എൽ.എയുമായിരുന്ന പി. രാജുവിന്റെ മരണം വിവാദമാക്കിയത് കെ.ഇ. ഇസ്മയിൽ പക്ഷത്തെ നേതാക്കളെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തൽ. എറണാകുളത്തെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ 17 പേർക്കെതിരെ നടപടിക്ക് സി.പി.ഐ സംസ്ഥാനസമിതി അംഗം പി.കെ. രാജേഷിന്റെ നേതൃതൃത്തിൽ നടത്തിയ അന്വേഷണ കമ്മിഷൻ ശുപാർശ ചെയ്തു. ജില്ലാ എക്‌സിക്യുട്ടീവ് അംഗീകരിച്ച റിപ്പോർട്ട് സംസ്ഥാന സമിതിക്ക് വിട്ടു.

പി. രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണങ്ങളാണ് വിവാദമായത്. പാർട്ടി നടപടിയിൽ പി. രാജുവിന് വിഷമമുണ്ടായിരുന്നു എന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് പി. രാജു സംഘടനാ നടപടിക്ക് വിധേയനായത്. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടിയിൽ തിരിച്ചെടുത്തില്ലെന്നും ഇല്ലാത്ത ചില പ്രശ്‌നങ്ങളുടെ പേരിൽ പാർട്ടി രാജുവിനെ വ്യക്തിഹത്യ നടത്തിയെന്നും ഇസ്മയിൽ പറഞ്ഞിരുന്നു. പിന്നാലെ രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനു വയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു.

ജില്ലയിൽ പാർട്ടിക്കുള്ളിൽ കാലങ്ങളായി നിലനിൽക്കുന്ന കടുത്തവിഭാഗീയത ഒരു ഇടവേളയ്ക്കുശേഷം മറനീക്കി പുറത്തുവരുന്നതിന് റിപ്പോർട്ട് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലാ എക്‌സിക്യുട്ടീവിലേക്കുവരെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ തിരഞ്ഞെടുപ്പ് നടന്നു. സമ്മേളനകാലമായതിനാൽ നിലവിലെ അന്വേഷണറിപ്പോർട്ട് കഴിഞ്ഞസമ്മേളനത്തിന് സമാനമായ സാഹചര്യത്തിനും വഴിതുറന്നേക്കും. യുവജന, വിദ്യാർത്ഥി വിഭാഗങ്ങളിലേക്കും ഈ ചേരിതിരിവ് പടർന്നിട്ടുണ്ട്.