മഴ ജയിച്ചു
കൊൽക്കത്ത: ഐ.പി.എല്ലിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇരുടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. മറുപടിക്കിറങ്ങിയ കൊൽക്കത്ത1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 7 റൺസ് എടുത്ത് നിൽക്കെയാണ് മഴ രസംകൊല്ലിയായി എത്തിയത്. കനത്ത മഴ തുടർന്നതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ ഓപ്പണർമാരായ പ്രഭ്സിമ്രാൻ സിംഗിന്റെയും (49 പന്തിൽ 83), പ്രിയാൻഷ് ആര്യയുടേയും (35 പന്തിൽ 69) വെടിക്കെട്ട് ബാറ്റിംഗാണ് 200 കടത്തിയത്. ഇരുവരും 12 ഓവറിൽ 120 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.പ്രിയാൻഷിനെ പുറത്താക്കി റസ്സലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന പ്രഭ്സിമ്രാനെ 15-ാം ഓവറിൽ വൈഭവ് അറോറ റോവ്മാൻ പവലിന്റെ കൈയിൽ എത്തിച്ചു. 6 വീതം സിക്സും ഫോറും പ്രഭ് സിമ്രാൻ നേടി. പഞ്ചാബിന്റെ അൺക്യാപ്ഡ് താരങ്ങളിൽ ഐ.പി.എല്ലിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യതാരമെന്ന റെക്കാഡും പ്രഭ്സിമ്രാൻ സ്വന്തമാക്കി. തുടർന്ന് ഡെത്ത് ഓവറുകളിൽ ഈ റണ്ണൊഴുക്ക് നിലനിറുത്താൻ പഞ്ചാബിനായില്ല. ക്യാപ്ടൻ ശ്രേയസ് അയ്യർ 25 റൺസുമായി പുറത്താകാതെ നിന്നു.