ഗുരുദേവന്റെ ജീവചരിത്രം സോപാന സംഗീതമാകുന്നു

Monday 28 April 2025 2:13 AM IST
ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം സോപാനസംഗീതത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ ആൽബമാകുന്നു

കൊച്ചി: കഥാപ്രസംഗമായും ചലച്ചിത്രകാവ്യമായും മലയാളക്കരയിൽ നിറഞ്ഞുനിൽക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം സോപാനസംഗീതത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ ആൽബമാകുന്നു.

തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ.എ. ഉണ്ണിത്താൻ രചിച്ച 'ഗുരുചൈതന്യാമൃതം" എന്ന സോപാനസംഗീതമാണ് ചെമ്പഴന്തി, അരുവിപ്പുറം, മരുത്വാമല എന്നീ തീർത്ഥാടന കേന്ദ്രങ്ങളുടെ ദൃശ്യമിഴിവിൽ ആൽബമാകുന്നത്. ചിത്രീകരണം പൂർത്തിയായി.

എറണാകുളം ആസ്ഥാനമായുള്ള ഗുരുചൈതന്യ ക്ലബ് 2020ൽ വീഡിയോ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും കൊവിഡിൽ മുടങ്ങി. പ്രശസ്ത സോപാനഗായകൻ ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഷൈൻകുമാർ, വിഷ്ണുമോഹൻ, കെ.എസ്. ശ്രുതി എന്നിവരാണ് ചരിത്രഗാഥ ആലപിച്ചത്. ഗുരുദേവചരിത്രം നൂറുകണക്കിന് ക്ഷേത്രസന്നിധിയിൽ കഥാപ്രസംഗത്തിന് ഇതിവൃത്തമായിട്ടുണ്ടെങ്കിലും ആദ്യമായാണ് ക്ഷേത്രകലാരൂപമായ സോപനസംഗീതത്തിന് വിഷയമാകുന്നത്. കവി എസ്. രമേശൻ നായർ രചിച്ച ഗുരുപൗർണമിയും സന്യാസശിഷ്യന്മാർ രചിച്ച ഗുരുദേവ ഭാഗവതങ്ങളുമാണ് ഇതിന് മുമ്പ് കാവ്യരൂപത്തിൽ പുറത്തുവന്ന ജീവചരിത്രങ്ങൾ.

* കെ.എ. ഉണ്ണിത്താൻ

ചെറുകഥ, നോവൽ, നാടകം, കഥകളിപ്പദം, ഭക്തിഗാനങ്ങൾ തുടങ്ങി മലയാള സാഹിത്യരംഗത്ത് നിരവധി സംഭാവനകൾ നല്കിയിട്ടുള്ള എഴുത്തുകാരനാണ് എഫ്.എ.സി.ടിയിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയായ കെ.എ. ഉണ്ണിത്താൻ. തൃപ്പൂണിത്തുറ പൂർണത്രയീശനെക്കുറിച്ചാണ് ആദ്യ സോപാനസംഗീതം രചിച്ചത്. അതിലൂടെയാണ് ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം സോപാനസംഗീതമാക്കാനുള്ള പ്രേരണ ലഭിച്ചതെന്ന് ഉണ്ണിത്താൻ പറഞ്ഞു.

കുമാരനാശാന്റെ ദുരവസ്ഥ, നളിനി, ലീല എന്നീ കൃതികളിലെ നായികമാരെ കഥാപാത്രങ്ങളാക്കി ഉണ്ണിത്താൻ എഴുതിയ നൃത്തശില്പം നിരവധി വേദികൾ പിന്നിട്ടു. വള്ളത്തോളിന്റെ മഗ്ദലനമറിയം, ഉള്ളൂരിന്റെ പിംഗള, കുമാരനാശാന്റെ കരുണ എന്നീ കൃതികളിലെ നായികമാരുടെ സമാനതകൾ സമന്വയിപ്പിച്ച് തയ്യാറാക്കിയ നൃത്തശില്പവും ജനശ്രദ്ധ നേടിയിരുന്നു.

10 ഭാഗങ്ങൾ

ഗുരുവിന്റെ ചെമ്പഴന്തിയിലെ ജനനം, വിദ്യാഭ്യാസം, തപസ്, അരുവിപ്പുറം പ്രതിഷ്ഠ തുടങ്ങി മഹാസമാധിവരെ 10ഭാഗങ്ങളുണ്ട് വീഡിയോ ആൽബത്തിന്