തൃശൂർ പൂരത്തിന് മുന്നേ കളി തുടങ്ങി ദേവസ്വം ബോർഡ്
കൊച്ചി: തൃശൂർ പൂരത്തിന് ഒരാഴ്ച മാത്രം ശേഷിക്കേ പൂരത്തിന്റെ കേന്ദ്രബിന്ദുവായ വടക്കുംനാഥൻ ക്ഷേത്രത്തിന്റെ മാനേജരെ കൊച്ചിൻ ദേവസ്വം ബോർഡ് ശനിയാഴ്ച തിരക്കിട്ട് സ്ഥലം മാറ്റി. പൂരത്തിനായി രണ്ടു ദിവസം കാലാവധി മാത്രമുള്ള വിചിത്രമായ 'വടക്കുംനാഥൻ ക്ഷേത്ര സേവന സമിതി"ക്കും വെള്ളിയാഴ്ച ബോർഡ് രൂപം നൽകി. പൂരം ദിനമായ മേയ് ആറിനും ഏഴിനും മാത്രമാണ് സമിതിക്ക് പ്രാബല്യം.
സി.പി.എം തൃശൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ, ജൂണിൽ കാലാവധി കഴിഞ്ഞ മുൻഉപദേശക സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, മുൻ സെക്രട്ടറി ടി.ആർ. ഹരിഹരൻ തുടങ്ങി 15 അംഗ സേവന സമിതിയിലെ രണ്ടു പേരൊഴികെയുള്ളവർ ഇടതുസഹയാത്രികരാണ്. മാനദണ്ഡങ്ങൾ ലംഘിച്ച് സമിതി രൂപീകരിക്കാൻ സഹകരിക്കാത്തതിനാണ് ക്ഷേത്രം മാനേജർ കെ.ടി. സരിതയെ സ്ഥലം മാറ്റിയതെന്നാണ് സൂചന. പകരം കൊടുങ്ങല്ലൂർ അസി. കമ്മിഷണർ ഓഫീസിലെ വി.ആർ. രമയെ നിയമിച്ചു. സ്ഥലംമാറ്റത്തിന് കാരണമൊന്നും ഉത്തരവിൽ പറഞ്ഞിട്ടില്ല. ഗുരുതരമായ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ അന്വേഷണം നേരിടുന്നതാണ് കാലാവധി കഴിഞ്ഞ കമ്മിറ്റി.
കഴിഞ്ഞ പൂരം അലങ്കോലപ്പെടുത്തിയവരിൽ ചിലരും മുൻഉപദേശക സമിതിയിലെ ചിലരും ചേർന്ന് വ്യാജ പൂരം ആഘോഷ കമ്മിറ്റിയുണ്ടാക്കി പ്രവർത്തിക്കുന്നതായി തൃശൂരിലെ കെ.നാരായണൻ കുട്ടി ദേവസ്വം ബോർഡിനും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.
ചുമതല കുറവെങ്കിലും
'ഇടപെടൽ" നടത്താം
പൂരം വടക്കുനാഥന്റെ മണ്ണിലാണെങ്കിലും സ്വകാര്യദേവസ്വങ്ങളായ തിരുവമ്പാടിയും പാറമേക്കാവും ചേർന്നാണ് ലോകപ്രശസ്തമായ പൂരം നടത്തുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആറ് ക്ഷേത്രങ്ങൾ മാത്രമാണ് പൂരത്തിൽ പങ്കെടുക്കുക. കുടിവെള്ള വിതരണം, മെഡിക്കൽ സഹായം, വളണ്ടിയർ ചുമതലകൾ മാത്രമേ സമിതിക്കുള്ളൂ എങ്കിലും നടത്തിപ്പിൽ ഇടപെടാനും ചില കാര്യങ്ങൾ നിയന്ത്രിക്കാനും സമിതിയംഗങ്ങൾക്ക് സാധിക്കും.