പുഴകളിൽ തെളിനീരൊഴുക്കി ശുചീകരണ യജ്ഞം

Monday 28 April 2025 12:05 AM IST
ചാൾസൺ സ്വിമ്മിംഗ് അക്കാഡമി കഴിഞ്ഞ ഒരു മാസമായി വിവിധ പുഴകളിൽ നടത്തി വന്ന ശുചീകരണ യജ്ഞത്തിന്റെ സമാപനം ഉളിയത്ത് കടവിൽ ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: പുഴകളിൽ അടിഞ്ഞു കൂടിക്കിടന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കി തെളിനീരൊഴുക്കുക എന്ന ലക്ഷ്യത്തോടെ ചാൾസൺ സ്വിമ്മിംഗ് അക്കാഡമി കഴിഞ്ഞ ഒരു മാസമായി നടത്തിവന്ന പുഴ ശുചീകരണ യജ്ഞം സമാപിച്ചു. ഉളിയത്ത് കടവിൽ നടന്ന സമാപന പരിപാടി ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ ഘട്ടങ്ങളിലായി നടന്ന ശുചീകരണ പരിപാടിക്ക് നേതൃത്വം നല്കിയ ഡോ. ചാൾസൺ ഏഴിമലയെയും വളണ്ടിയർമാരെയും എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു.

അക്കാഡമി സെക്രട്ടറി ജാക്സൺ ഏഴിമല, ഉപ്പള ഫയർ സ്റ്റേഷൻ ഓഫീസർ സി.പി രാജേഷ്, തൃക്കരിപ്പൂർ സ്റ്റേഷൻ ഓഫീസർ കെ.വി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. മാലിന്യവിരുദ്ധ പ്രതിജ്ഞയോടെയാണ് സമാപന ചടങ്ങ് അവസാനിച്ചത്.

ഫയർ ഓഫീസർമാരായ സി.പി ഗോകുൽദാസ്, കൂത്തുപറമ്പ് സ്റ്റേഷൻ ഓഫീസർ മനോജ്, മണ്ടൂർ ശങ്കരവിലാസം യു.പി സ്കൂൾ മാനേജർ കേശവൻ നമ്പൂതിരി, മാദ്ധ്യമപ്രവർത്തകൻ റഫീഖ് കമാൽ, ദേശീയ കയാക്കിംഗ് താരം സ്വാലിഹ റഫീഖ്, വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻ ഷാജോൺ സുമേഷ് തുടങ്ങിയവരും മത്സ്യത്തൊഴിലാളികളും തായിനേരി എസ്.എ.ബി.ടി.എം സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ സമീറിന്റെ നേതൃത്വത്തിലുള്ള വളണ്ടിയർമാരുമുൾപ്പടെ 56 പേർ സമാപന ശുചീകരണത്തിൽ പങ്കെടുത്തു.

എട്ട് കയാക്കിംഗ് തോണികളിലും മൂന്ന് നാടൻ വള്ളങ്ങളിലുമായാണ് സമാപന ദിവസത്തെ ശുചീകരണം നടത്തിയത്. കവ്വായി പാലത്തിനു സമീപത്ത് നിന്നാരംഭിച്ച ശുചീകരണം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി സെമീറട ഫ്ലാഗ് ഓഫ് ചെയ്തു. ഉളിയത്ത് കടവിലെ കണ്ടൽ കാടുകൾക്ക് ഇടയിലെ മാലിന്യങ്ങളും നീക്കം ചെയ്തു. വലിയ ഇരുപത് ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സമാപന ശുചീകരണത്തിൽ ശേഖരിച്ചത്. വിവിധ ഘട്ടങ്ങളിലായി ശേഖരിച്ച മാലിന്യങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൈമാറി.

ഒരു മാസമായി സംഘടിപ്പിച്ച് വന്ന ശുചീകരണ യജ്ഞത്തിൽ പെരുമ്പ മുതൽ ചൂട്ടാട് അഴിമുഖം വരെയുള്ള പുഴയും പഴയങ്ങാടി പുഴയും സുൽത്താൻ കനാലും കവ്വായി കായലുമാണ് ശുചീകരിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ ചെലവുകൾ ചാൾസൺ സ്വിമ്മിംഗ് അക്കാഡമി തന്നെയാണ് വഹിച്ചത്.