വില്പനക്കാർക്ക് നൽകാൻ ടിക്കറ്റില്ലാതെ ഏജന്റുമാർ ലോട്ടറി ടിക്കറ്റിനും 'റേഷൻ'
കാസർകോട്: സംസ്ഥാന ലോട്ടറി ടിക്കറ്റുകൾ, അംഗീകൃത ഏജന്റുമാർക്ക് നൽകുന്നതിൽ റേഷൻ ഏർപ്പെടുത്തിയതായി ആരോപണം. ലോട്ടറി ടിക്കറ്റുകൾ ഏജന്റുമാർക്ക് നിശ്ചയിച്ചു നൽകാനുള്ള അധികാരം ജില്ലാ ഭാഗ്യക്കുറി ഓഫീസർമാരിൽ നിന്ന് എടുത്തുകളയുകയും മുൻകാലങ്ങളിൽ നൽകികൊണ്ടിരുന്ന ലോട്ടറി ടിക്കറ്റുകളിൽ 20 ശതമാനം വെട്ടികുറക്കുകയും ചെയ്തതോടെയാണ് ലോട്ടറി മേഖല വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. ഇതോടെ ഏജന്റുമാരുടെ കീഴിലുള്ള വില്പനക്കാർക്ക് നൽകുന്നതിന് ടിക്കറ്റ് മതിവരാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
ലോട്ടറി മേഖലയിൽ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരമാണ് ലോട്ടറി ക്ഷാമത്തിന് ഇടയാക്കിയതെന്നും അച്ചടിക്കുന്ന ടിക്കറ്റുകളിൽ വലിയൊരു ഭാഗം അയൽ സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്നും ഏജന്റുമാർ ആരോപിക്കുന്നു. ടിക്കറ്റിന്റെ മുഖവില 40 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തിയതിനു ശേഷമാണ് ടിക്കറ്റ് ക്ഷാമം ഉണ്ടായിരിക്കുന്നത്. ഏജന്റുമാർക്ക് ടിക്കറ്റിന്റെ ക്വോട്ട നിശ്ചയിച്ചിരുന്നത് മുമ്പ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ ആയിരുന്നു. ചരിത്രത്തിൽ ആദ്യമായി ആ മാനദണ്ഡം ലോട്ടറി വകുപ്പ് എടുത്തുകളഞ്ഞു. ഇപ്പോൾ ലോട്ടറി ഡയറക്ടറേറ്റിൽ നിന്നാണ് ക്വോട്ട നിശ്ചയിച്ചു നൽകുന്നത്. അതോടെയാണ് ഏജന്റുമാർക്ക് 20 ശതമാനം കുറച്ചു ടിക്കറ്റ് നൽകാൻ തുടങ്ങിയത്. പതിനായിരം ടിക്കറ്റുകൾ എടുത്തിരുന്ന ഏജന്റിന് ഇപ്പോൾ എണ്ണായിരം ടിക്കറ്റുകൾ മാത്രമാണ് നൽകുന്നത്. 1.08 കോടി ടിക്കറ്റുകളാണ് ആഴ്ചയിൽ അച്ചടിക്കുന്നത്.
വിൽപ്പനക്കാർക്ക് ടിക്കറ്റ് കിട്ടാൻ 'നൂലാമാലകൾ'
ലോട്ടറി ഓഫീസിൽ പോയി സാധാരണ വിൽപ്പനക്കാർക്ക് ടിക്കറ്റ് എടുക്കാൻ കടമ്പകൾ കടക്കണം. രാവിലെ മുതൽ ഉച്ച വരെ ക്യൂ നിന്നാലാണ് രണ്ടു ബുക്കുകൾ കിട്ടുക. സമ്മാനം അടിച്ചാൽ ടിക്കറ്റ് ഏൽപ്പിക്കുമ്പോൾ വൗച്ചർ ഉണ്ടാക്കി അപേക്ഷ നൽകണം. നൂലാമാലകൾ കാരണം വിൽപ്പനക്കാർ സാധാരണ ഏജന്റുമാരിൽ നിന്നാണ് ടിക്കറ്റ് എടുക്കുന്നത്. ഏജന്റുമാർ വിൽപ്പനക്കാർക്ക് കടമായും ടിക്കറ്റുകൾ നൽകും. ടിക്കറ്റ് കിട്ടാതായതോടെ വിൽപ്പനക്കാരുടെ വയറ്റത്താണ് അടിയേറ്റിരിക്കുന്നത്.
ലോട്ടറി വകുപ്പിലെ പുതിയ പരിഷ്കാരം സാധാരണ ഏജന്റുമാർക്കും വിൽപ്പനക്കാർക്കും വലിയ തിരിച്ചടിയാണ്. ആയിരക്കണക്കിന് വിൽപ്പനക്കാരാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. മുമ്പ് നൽകുന്നതിന്റെ 90 ശതമാനം ടിക്കറ്റെങ്കിലും നൽകിയാൽ മാത്രമേ പിടിച്ചുനിൽക്കാൻ സാധിക്കൂ. അന്യസംസ്ഥാന ലോട്ടറി മാഫിയയെ സഹായിക്കാൻ വേണ്ടിയാണ് പുതിയ നടപടിയെന്ന് സംശയിക്കുന്നു. പ്രതിസന്ധി പരിഹരിക്കാൻ നടപടി ഉണ്ടാകണം.
ഗണേഷ് പാറക്കട്ട (ജില്ലാ പ്രസിഡന്റ്, കേരള ലോട്ടറി വെൽഫെയർ ഏജന്റ്സ് അസോസിയേഷൻ)