പ്രായം തളർത്തിയില്ല, കഥകളിയിൽ മുരളീധരൻ ദശരഥനായി

Monday 28 April 2025 12:07 AM IST

പത്തനംതിട്ട : എഴുപത്തിനാലാം വയസിൽ കഥകളിയിൽ അരങ്ങേറ്റം നടത്തുമ്പോൾ മുരളീധരൻപിള്ളയുടെ ചുവടുകൾ ഇടറിയില്ല. സീതാസ്വയംവരം കഥകളിയിൽ ദശരഥനായി അരങ്ങുണർത്തി. കുട്ടിക്കാലത്ത് തുടങ്ങിയ കഥകളി ഭ്രമമാണ് വള്ളിക്കോട് സൗമ്യ ഭവനിൽ പി.ജി മുരളീധരൻ പിള്ളയെ ഏറെ വൈകി അരങ്ങിലെത്തിച്ചത്. ചെറുപ്പത്തിൽ കഥകളി പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സാഹചര്യവും അവസരവുമില്ലായിരുന്നു. 19-ാം വയസിൽ ജോലി കിട്ടി ഒഡീഷയിലേക്ക് പോയി. 66-ാം വയസിൽ ഡാൽമിയ സിമന്റ് കമ്പനിയിൽ സീനിയർ മാനേജരായി വിരമിച്ച് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ കലാമോഹം പുറത്തെടുത്തു. പടയണിയിലായിരുന്നു തുടക്കം. കുട്ടിക്കാലത്ത് അമ്മ ലക്ഷ്മിക്കുട്ടിയമ്മയുടെ നാടായ കടമ്മനിട്ടയിൽ പടയണി കാണാൻ പോയപ്പോൾ തുടങ്ങിയ ആഗ്രഹമായിരുന്നു അത്.

69-ാം വയസിൽ കടമ്മനിട്ട ഗോത്രകലാ കളരിയിൽ പഠനം ആരംഭിച്ചു. 2023 -ൽ എഴുപത്തിരണ്ടാം വയസിലായിരുന്നു പടയണി അരങ്ങേറ്റം. കഥകളിയിലേക്കായി അടുത്ത ശ്രദ്ധ. കഥകളി ആചാര്യൻ പന്തളം ഉണ്ണികൃഷ്ണനായിരുന്നു ഗുരു. ഒന്നരവർഷത്തെ പഠനത്തിനു ശേഷം ഏപ്രിൽ എട്ടിനായിരുന്നു അരങ്ങേറ്റം. ഇപ്പോൾ ഭദ്രകാളി വേഷത്തിന് തയ്യാറെടുക്കുകയാണ്. നൂറ് വയസായ അമ്മയും ഭാര്യ ഗീതയും മക്കളായ സൗമ്യയും രമ്യയും മുരളീധരന്റെ കലാ സപര്യയ്ക്ക് കൂട്ടായി ഒപ്പമുണ്ട്.

`അഞ്ച് കിലോയിൽ അധികം ഭാരം വഹിച്ച് മണിക്കൂറുകൾ വേദിയിൽ നിൽക്കേണ്ട കഥകളി ഈ പ്രായത്തിലും കഠിനാദ്ധ്വാനത്തിലൂടെയാണ് മുരളീധരൻ അവതരിപ്പിക്കുന്നത്. ചെറുപ്പം മുതൽ കഥകളി പഠിച്ചിരുന്നെങ്കിൽ അദ്ദേഹം വലിയൊരു കലാകാരനായി മാറിയേനെ.`

-കഥകളി ആചാര്യൻ

പന്തളം ഉണ്ണികൃഷ്ണൻ