ഇൻഡോർ നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പ് : ആദ്യ ദിനം ഹരിയാന മുന്നിൽ

Sunday 27 April 2025 10:38 PM IST

ആലപ്പുഴ: ആലപ്പുഴ സായ് കേന്ദ്രത്തിൽ ആരംഭിച്ച നാഷണൽ ഇൻഡോർ റോവിംഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ നടന്ന 10 ഇനങ്ങളിൽ നാലിലും സ്വർണം നേടി ഹരിയാന പോയിന്റ് നിലയിൽ ഒന്നാമതെത്തി. രണ്ടു സ്വർണവും ഒരു വെള്ളിയുമായി ബംഗാൾ രണ്ടാമതും, ഓരോ സ്വർണവും വെള്ളിയും അഞ്ച് വെങ്കലങ്ങളുമായി കേരളം മൂന്നാമതുമാണ്.

ചാമ്പ്യൻഷിപ്പിലെ പാരാവിഭാഗം മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. പാരാ റോവിംഗ് 3 പുരുഷ വിഭാഗത്തിൽ ആർമിയുടെ കെ.നാരായണയും വനിതാ വിഭാഗത്തിൽ രാജസ്ഥാന്റെ അനിതയും വിജയികളായി. ഇവരുൾപ്പെട്ട ടീം പാരിസ് പാരാ ഒളിംപിക്‌സിൽ എട്ടാം സ്ഥാനം നേടിയിരുന്നു. ജൂനിയർ വിമൻ 2000 മീറ്റർ വ്യക്തിഗത വിഭാഗത്തിൽ കേരളത്തിനായി കെ.ഗൗരിനന്ദ സ്വർണം നേടി. വിമൻ 2000 മീറ്റർ വ്യക്തിഗത വിഭാഗത്തിൽ സാനിയ.ജെ.കൃഷ്ണൻ കേരളത്തിനായി വെള്ളി നേടി. ഇരുവരും ആലപ്പുഴ സായിയിലെ താരങ്ങളാണ്. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ പുതിയ റോവിംഗ് അക്കാഡമി സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.റോവിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അസോസിയേറ്റ് വൈസ് പ്രസിഡന്റ് ബാലാജി മരദപ്പ അദ്ധ്യക്ഷത വഹിച്ചു.