ബാഴ്സക്കോപ്പ

Sunday 27 April 2025 10:40 PM IST

സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബാൾ കിരീടം ബാഴ്സലോണയ്ക്ക്

ഫൈനലിൽ റയൽ മാഡ്രിഡിനെ 3-2ന് കീഴടക്കി

സെവിയ്യ : ചിരവൈരികളായ റയൽ മാഡ്രിഡിനെ കീഴടക്കി ബാഴ്സലോണയ്ക്ക് സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബാൾ കിരീടം. സെവിയ്യയിൽ നടന്ന ഫൈനലിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ വഴങ്ങിയ ബാഴ്സ അധിക സമയത്ത് നേടിയ ഗോളിനാണ് കിരീടത്തിൽ മുത്തമിട്ടത്. 28-ാം മിനിട്ടിൽ പെഡ്രി, 84-ാം മിനിട്ടിൽ ഫെറാൻ ടോറസ്,116-ാം മിനിട്ടിൽ യൂൾസ് കുണ്ടേ എന്നിവരാണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. 70-ാം മിനിട്ടിൽ കിലിയൻ എംബാപ്പെയും 77-ാം മിനിട്ടിൽ ഔറേലിയൻ ടുഹാമേനിയുമാണ് റയലിനായി സ്കോർ ചെയ്തത്. ആവേശകരമായ പോരാട്ടമാണ് തുടക്കം മുതൽ കണ്ടത്. എന്നാൽ പെഡ്രിയിലൂടെ ആദ്യ ഗോൾ നേടാനായ ബാഴ്സ ആദ്യ പകുതിയിൽ ആധിപത്യം പുലർത്തി. രണ്ടാം പകുതിയിൽ പക്ഷേ ആർജവത്തോടെ കളിച്ച റയലിന്റെ തിരിച്ചുവരവ് കണ്ടു. ഏഴുമിനിട്ടിന്റെ വ്യത്യാസത്തിൽ രണ്ടുഗോളുകൾ നേടിയ അവർ വിജയിക്കുമെന്ന് കരുതിയതാണ്. എന്നാൽ ഫെറാൻ ടോറസിന്റെ ഗോൾ കളി അധികസമയത്തേക്ക് നീട്ടി. അധികസമയത്തെ അശ്രദ്ധയിൽ നിന്നുണ്ടായ മിസ്പാസിലൂടെയാണ് റയലിന് മൂന്നാം ഗോൾ വഴങ്ങേണ്ടിവന്നത്. നിശ്ചിതസമയം അവസാനിക്കുന്നതിന് മുമ്പ് ബാഴ്സയ്ക്ക് അനുകൂലമായും അധികസമയം അവസാനിക്കുന്നതിന് മുമ്പ് റയലിന് അനുകൂലമായും പെനാൽറ്റി വിധിച്ചത് വാർ പരിശോധനയിലൂടെ റദ്ദാക്കപ്പെടുകയും ചെയ്തു. മത്സരത്തിനുമുന്നേ റഫറിയെച്ചൊല്ലി വിവാദങ്ങൾ ഉയർന്ന മത്സരം കളത്തിലും സംഘർഷഭരിതമായിരുന്നു. ഫൈനൽ വിസിലിന് ശേഷം റഫറിയെ കുപ്പിയെറിഞ്ഞതിന് റയൽ താരങ്ങളായ അന്റോണിയോ റൂഡിഗർ,ലൂക്കാസ് വസ്‌ക്വേസ്,ജൂഡ് ബെല്ലിംഗ്ഹാം എന്നിവർക്ക് ചുവപ്പുകാർഡ് ലഭിക്കുകയും ചെയ്തു.

ഗോളുകൾ ഇങ്ങന

1-0

28-ാം മിനിട്ട്

പെഡ്രി

പന്തുമായി റയൽ ബോക്സിന്റെ വലതുമൂലയിലേക്ക് കയറിയ ലാമിൻ യമാലിന്റെ ബാക്ക് പാസ് ബോക്സിന് പുറത്തുനിന്ന് ഓടിയെത്തി പെഡ്രി വലയിലേക്ക് വെടിയുണ്ട വേഗത്തിൽ പായിച്ചുനേടിയ ഗോൾ.

1-1

70-ാം മിനിട്ട്

എംബാപ്പെ

തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി എംബാപ്പെ.

1-2

77-ാം മിനിട്ട്

ടുഹാമേനി

അർദ ഗുലേർ എടുത്ത കോർണർ കിക്കിൽ നിന്ന് തകർപ്പനൊരു ഹെഡറിലൂടെ ടുഹാമേനി റയലിനെ മുന്നിലെത്തിച്ചു.

2-2

84-ാം മിനിട്ട്

ഫെറാൻ ടോറസ്

യമാലിന്റെ മറ്റൊരു കിടിലൻ അസിസ്റ്റിൽ നിന്ന് ടോറസ് വലകുലുക്കി. പന്തുമായി വന്ന ടോറസിനെ തടുക്കുന്നതിൽ ഗോളി കുർട്ടോയ്സിനും ഡിഫൻഡർ റൂഡിഗർക്കുമുണ്ടായ ആശയക്കുഴപ്പമാണ് ഗോളിന് വഴിതുറന്നത്.

3-2

116-ാം മിനിട്ട്

യൂൾട്ട് കൗണ്ടേ

സ്വന്തം ഗോൾ മുഖത്തുനിന്ന് പന്ത് സഹതാരത്തിന് നൽകാനുള്ള ലൂക്കാമൊഡ്രിച്ചിന്റെ ശ്രമം പിഴച്ചതോടെയാണ് കൗണ്ടേ പന്ത് പിടിച്ചെടുത്ത് മത്സരത്തിന്റെ വിധിയെഴുതിയ ഗോൾ നേടിയത്.

ഈ സീസണിൽസ്പാനിഷ് ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും കൂടി കപ്പുയർത്തി സൂസണിൽ മൂന്ന് കിരീടങ്ങളെന്ന ലക്ഷ്യത്തിലേക്കാണ് ബാഴ്സ നീങ്ങുന്നത്. ലാ ലിഗയിൽ അഞ്ചുമത്സരങ്ങൾ ശേഷിക്കേ നാലുപോയിന്റ് ലീഡിലാണ് ബാഴ്സ. ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇന്ററിനെ നേരിടും.

3

ഈ സീസണിൽ ഇതുവരെ നടന്ന മൂന്ന് എൽ ക്ളാസിക്കോകളിലും ജയിച്ചത് ബാഴ്സയാണ്. ലാ ലിഗയിൽ 4-0ത്തിനും സൂപ്പർ കോപ്പയിൽ 5-2നുമായിരുന്നു ബാഴ്സയുടെ ജയങ്ങൾ.

32

ബാഴ്സലോണയുടെ 32-ാമത് കോപ്പ ഡെൽ റേ കിരീ‌ടം. ഏറ്റവും കൂടുതൽ തവണ കോപ്പ ഡെൽ റേ നേടിയ ടീമാണ് ബാഴ്സ.

ഇനി മേയ് 11ന്

ഈ സീസണിൽ ബാഴ്സയും റയലും തമ്മിലുള്ള എൽ ക്ളാസിക്കോ പോരാട്ടം മേയ് 11ന് ലാ ലിഗയിലാണ്. ഒരു പക്ഷേ ലാ ലിഗ ജേതാക്കളെ ഈ മത്സരം നിർണയിച്ചേക്കും.